KeralaNEWS

മുഖ്യമന്ത്രിയും സംഘവും നോര്‍വെയിലെത്തി

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം. ഇന്ന് വൈകിട്ടോടെ മുഖ്യമന്ത്രിയും സംഘവും നോർവെയിലെത്തി. നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്ക് ഒപ്പമുണ്ട്. നാളെ നോർവെ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. നോർവെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് നിശ്ചയിച്ച യാത്ര കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. നോർവെയ്ക്ക് പിന്നാലെ യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളും മുഖ്യമന്ത്രി സന്ദർശിക്കും.

അതേസമയം മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ യാത്രയെ കുറിച്ച് ഔദ്യോഗികമായി അറിയിക്കാത്തതിൽ ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ട്. രേഖാ മൂലമോ, രാജ്ഭവനിൽ നേരിട്ട് എത്തിയോ യാത്രാവിവരം അറിയിക്കുന്ന പതിവ് തെറ്റിച്ചതിലാണ് അതൃപ്തി. ഇന്നലെ കണ്ണൂരില്‍ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാനെത്തിയപ്പോഴാണ് യാത്രാവിവരം മുഖ്യമന്ത്രി ഗവർണറോട് പറഞ്ഞതെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ അറിയിക്കുന്നത്.

Back to top button
error: