കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളുടെ ശരാശരി ശമ്പളത്തില്‍ കഴിഞ്ഞ ആറ് മാസം കൊണ്ടുണ്ടായത് അഞ്ച് ദിനാറിന്റെ (1300ല്‍ അധികം ഇന്ത്യന്‍ രൂപ) വര്‍ദ്ധനവെന്ന് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്കുകള്‍ പ്രകാരം 338 ദിനാറായിരുന്നു (ഏകദേശം 88,900 ഇന്ത്യന്‍ രൂപ) രാജ്യത്തെ പ്രവാസികളുടെ ശരാശരി ശമ്പളമെങ്കില്‍ ഈ വര്‍ഷം ജൂണിലെ കണക്കുകള്‍ പ്രകാരം ഇത് 343 ദിനാറായി (ഏകദേശം 90,200 ഇന്ത്യന്‍ രൂപ) മാറി.
അതേസമയം കുവൈത്തിലെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന സ്വദേശികളുടെ ശരാശരി ശമ്പളത്തില്‍ കഴിഞ്ഞ ആറ് മാസം കൊണ്ട് 22 ദിനാറിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ഈ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സ്വദേശികളുടെ ശരാശരി ശമ്പളം 1491 ദിനാറായിരുന്നെങ്കില്‍ ഈ വര്‍ഷം ജൂണില്‍ അത് 1513 ദിനാറായി വര്‍ദ്ധിച്ചു.
സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ ശരാശരി ശമ്പളം ഇതേ കാലയളവില്‍ 1555 ദിനാറില്‍ നിന്ന് 1539 ദിനാറായാണ് വര്‍ദ്ധിച്ചത്. അതേസമയം തന്നെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ ശരാശരി ശമ്പളം 1255 ദിനാറില്‍ നിന്ന് 1297 ദിനാറായി വര്‍ദ്ധിച്ചുവെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.