NEWSSports

ഇന്‍ഡോറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം; പരമ്പര ഇന്ത്യയ്ക്ക്

ഇന്‍ഡോര്‍: ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയെ 49 റണ്‍സിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു (21).

228 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (0) നഷ്ടമായി. കാഗിസോ റബാദയ്ക്കായിരുന്നു വിക്കറ്റ്. രണ്ടാം ഓവറില്‍ ശ്രേയസ് അയ്യരും (1) മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാല്‍ ഋഷഭ് പന്തും സ്ഥാനക്കയറ്റം കിട്ടിയെത്തിയ ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് സ്‌കോര്‍ 45 വരെയെത്തിച്ചു. 14 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത പന്തിനെ അഞ്ചാം ഓവറില്‍ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്ബ്സ് മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

എന്നാല്‍ ദിനേഷ് കാര്‍ത്തിക്ക് ഒരു ഭാഗത്ത് തകര്‍ത്തടിക്കുകയായിരുന്നു. 21 പന്തില്‍ നിന്ന് നാലു വീതം സിക്സും ഫോറുമടക്കം 46 റണ്‍സെടുത്ത് മികച്ച ഫോമിലായിരുന്ന കാര്‍ത്തിക്ക് കേശവ് മഹാരാജിന്റെ പന്തില്‍ മോശം ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളയുകയായിരുന്നു. ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സൂര്യകുമാര്‍ യാദവിനെയും (8) മികച്ചൊരു ക്യാച്ചിലൂടെ സ്റ്റബ്ബ്സ് മടക്കിയതോടെ ടീം കളി കൈവിട്ടു.

വാലറ്റത്ത് ദീപക് ചാഹര്‍ 17 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 31 റണ്‍സോടെ മികച്ച ബാറ്റിങ് പുറത്തെടുത്തു. ഹര്‍ഷല്‍ പട്ടേല്‍ (17), അക്ഷര്‍ പട്ടേല്‍ (9), ആര്‍. അശ്വിന്‍ (2), മുഹമ്മദ് സിറാജ് (5) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഉമേഷ് യാദവ് 17 പന്തില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ഡ്വെയ്ന്‍ പ്രെറ്റോറിയസ് മൂന്നും വെയ്ന്‍ പാര്‍ണല്‍, എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തിരുന്നു.

സെഞ്ചുറി നേടിയ റൈലി റൂസോയുടെയും അര്‍ധ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡിക്കോക്കിന്റെയും ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടതിന്റെ കേട് ഈ മത്സരത്തില്‍ സെഞ്ചുറിയോടെ തീര്‍ത്ത റൂസോ 48 പന്തില്‍ നിന്ന് എട്ടു സിക്സും ഏഴ് ഫോറുമടക്കം 100 റണ്‍സോടെ പുറത്താകാതെ നിന്നു.

മൂന്ന് റണ്‍സ് മാത്രമെടുത്ത ക്യാപ്റ്റന്‍ ടെംബ ബവുമ പുറത്തായ ശേഷം രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഡിക്കോക്ക് – റോസ്സൗ സഖ്യം അതിവേഗം 90 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 43 പന്തില്‍ നിന്നും നാല് സിക്സും ആറ് ഫോറുമടക്കം 68 റണ്‍സെടുത്ത ഡിക്കോക്ക് 13-ാം ഓവറില്‍ റണ്ണൗട്ടായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്.

പിന്നാലെ ട്രിസ്റ്റന്‍ സ്റ്റബ്ബ്സിനെ കൂട്ടുപിടിച്ച് റൂസോ 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 18 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത സ്റ്റബ്ബ്സ് അവസാന ഓവറിലാണ് പുറത്തായത്.

ദീപക് ചാഹര്‍ എറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സാണ് ഡേവിഡ് മില്ലറും റൂസോയും ചേര്‍ന്ന് അടിച്ചെടുത്തത്. വെറും അഞ്ച് പന്തില്‍ നിന്ന് 19 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 227-ല്‍ എത്തിച്ചത്.

 

 

 

Back to top button
error: