IndiaNEWS

റഷ്യയുമായുള്ള സമാധാന ശ്രമങ്ങളില്‍ പങ്കുവഹിക്കാന്‍ ഇന്ത്യ തയാര്‍; സെലെന്‍സ്‌കിയോടു മോദി

ന്യൂഡല്‍ഹി: യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭാഷണത്തിനിടെ യുക്രൈനിലെ ആണവ നിലയങ്ങളുടെ സുരക്ഷ സംബന്ധിച്ച് മോദി ആശങ്ക പ്രകടിപ്പിച്ചു. സൈനിക ഇടപെടലിലൂടെ പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന് വ്യക്തമാക്കിയ മോദി, ചര്‍ച്ചയിലൂടെയും നയതന്ത്ര മാര്‍ഗത്തിലൂടെയും പ്രശ്‌നപരിഹരത്തിനു ശ്രമിക്കണമെന്നും നിര്‍ദേശിച്ചു. റഷ്യയുമായുള്ള സമാധാന ശ്രമങ്ങള്‍ക്ക് പങ്കു വഹിക്കാന്‍ ഇന്ത്യ തയാറാണെന്ന് മോദി സെലെന്‍സ്‌കിയെ അറിയിച്ചു.

യുക്രൈനില്‍ ആണവ നിലയത്തിനു നേരെ റഷ്യ അടുത്തിടെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ആണവ റിയാക്ടറുകള്‍ക്ക് നാശമുണ്ടായില്ലെങ്കിലും അനുബന്ധ ഉപകരണങ്ങളും കെട്ടിടങ്ങളും തകര്‍ന്നു.

Signature-ad

മിഖോലവ് മേഖലയിലുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ആണവ നിലയമായ സൗത്ത് യുക്രൈന്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിന്റെ 300 മീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചത്. സ്‌ഫോടനത്തിന്റെയും തുടര്‍ന്ന് 2 തീഗോളങ്ങള്‍ ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കരയുദ്ധത്തില്‍ തിരിച്ചടിയേറ്റതിനു പിന്നാലെ ആക്രമണം ശക്തിപ്പെടുത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു.

റഷ്യയോടു കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, ഹേഴ്‌സന്‍, സാപൊറീഷ്യ എന്നീ പ്രദേശങ്ങളെ യുക്രൈന്‍ ആക്രമിച്ചാല്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്നും നാറ്റോ നേരിട്ടു യുദ്ധത്തിനിറങ്ങാന്‍ മടിക്കുമെന്നും റഷ്യയുടെ സുരക്ഷാ സമിതി ഉപാധ്യക്ഷന്‍ ദിമിത്രി മെദ്‌വെദേവും വ്യക്തമാക്കിയിരുന്നു.

 

 

 

Back to top button
error: