KeralaNEWS

55 കൊല്ലത്തെ ആത്മബന്ധം, എന്നും ഒപ്പം ഉറച്ചുനിന്ന പ്രിയസഖാവിന് അന്ത്യാഭിവാദ്യമർപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

കരുത്തും കാഠിന്യമുള്ള വ്യക്തിയെന്ന് വിശേഷിപ്പിക്കുമ്പോഴും പിണറായി വിജയൻ ഉലഞ്ഞു പോയ നിമിഷങ്ങളാണത്. തലശേരി ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം എത്തിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനാണ് മുന്നിൽ നിന്ന് അത് ഏറ്റുവാങ്ങിയത്. എന്നും തനിക്കൊപ്പം ഉറച്ചുനിന്ന പ്രിയ സഖാവിന് പിണറായിയും മറ്റ് മുതിർന്ന നേതാക്കളും ചേർന്ന്‌ ചെങ്കൊടി പുതപ്പിച്ചു. തുടർന്ന് റീത്ത് സമര്‍പ്പിച്ച ശേഷം മുഖ്യമന്ത്രി മുഷ്ടി ചുരുട്ടി കോടിയേരിക്ക് അഭിവാദ്യം അര്‍പ്പിച്ചു.

ഓർമ്മകൾ അത്ര ചെറിയ കാലം കൊണ്ടൊന്നും മായില്ല, മലയാളിയുടെ രാഷ്ട്രീയ മനസ്സിൽ തലമുറകൾ കഴിഞ്ഞാലും അണയാതെ നിൽക്കും കൊടിയേരി എന്ന കൊച്ചു ഗ്രാമത്തെ പേരിനൊപ്പം കൂട്ടി ഉയരങ്ങളിലെത്തിച്ച കോടിയേരി ബാലകൃഷ്ണൻ എന്ന വലിയ നേതാവ്.

കോൺഗ്രസ് തറവാടായിരുന്നു കോടിയേരിയിലെ മുട്ടേമ്മൽ വീട്. അമ്മയ്ക്കും അച്ഛനുമൊന്നും കമ്യൂണിസത്തോട് ആഭിമുഖ്യമില്ലാതിരുന്ന ആ വീട്ടിൽനിന്നാണ് ബാലകൃഷ്ണൻ എന്ന കൗമാരക്കാരൻ കമ്യൂണിസത്തിന്റെ കനൽ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയത്.

അമ്മാവൻ നാണു നമ്പ്യാരായിരുന്നു ബാലകൃഷ്ണനെ കമ്യൂണിസത്തിലേക്കു കൈപിടിച്ചു നയിച്ചത്. എട്ടാം ക്ലാസിൽ വച്ച് കേരള സ്റ്റുഡൻസ് ഫെഡറേഷനിൽ ചേർന്നു പ്രവർത്തനം ആരംഭിച്ചു.‌ ‌‌‌അച്ഛൻ കുഞ്ഞുണ്ണിക്കുറുപ്പ് അധ്യാപകനായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ടു. അമ്മ കൃഷിപ്പണി ചെയ്തും പശുക്കളെ വളർത്തിയുമാണ് കുടുംബത്തെ നോക്കിയത്. നാലു സഹോദരിമാരുടെ ഇളയ സഹോദരനായതിനാൽ ഏറെ വാൽസല്യം കിട്ടിയാണ് വളർന്നത്. മണി എന്നാണ് അമ്മയും ബന്ധുക്കളും വിളിച്ചിരുന്നത്.

കോടിയേരിയിലെ ഓണിയൻ സ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണു ബാലകൃഷ്‌ണൻ ആദ്യമായി വിജയനെ കാണുന്നത്. അന്ന് കെഎസ്‌എഫിന്റെ യൂണിറ്റ് ഉദ്‌ഘാടനത്തിന് എത്തിയ സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെ സ്‌നേഹത്തോടെ വരവേറ്റത് യൂണിറ്റ് സെക്രട്ടറിയായ കോടിയേരി ബാലകൃഷ്‌ണനാണ്.
കെഎസ്‌എഫിന്റെ കണ്ണൂരിൽ നടന്ന സംസ്‌ഥാനതല ക്യാംപോടെ ഇരുവരും കൂടുതൽ അടുത്തു.

സിപിഎമ്മിൽ ചേരാനുള്ള പ്രായം 18 വയസ്സാണെങ്കിലും 16 വയസ്സു കഴിഞ്ഞപ്പോൾ കോടിയേരി പാർട്ടി അംഗമായി. കോളജ് വിദ്യാർഥിയായിരിക്കെ ബ്രാഞ്ച് സെക്രട്ടറിയായും ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. സ്കൂൾ വിദ്യാർഥിയായിരിക്കെ തുടങ്ങിയതാണ് പിണറായി വിജയനുമായുള്ള സൗഹൃദം.

അടിയന്തരാവസ്‌ഥക്കാലത്തെ കാരാഗൃഹവാസം ആ ബന്ധത്തിന് കൂടുതൽ ഇഴയടുപ്പം ഉണ്ടാക്കി. അന്ന് 27 പേരെ ഒരേദിവസം ‘മിസ’ പ്രകാരം അറസ്‌റ്റ് ചെയ്‌തപ്പോൾ അതിൽ പിണറായിയും കൊടിയേരിയും ഉണ്ടായിരുന്നു. കടുത്ത മർദ്ദനത്തിനിരയായി നടക്കാൻ പോലും കഴിയാത്ത സ്‌ഥിതിയിലായിരുന്ന വിജയനെ ശുശ്രൂഷിക്കാൻ പാർട്ടി ഏൽപ്പിച്ചത് ജയിലിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലകൃഷ്‌ണനെയാണ്. അന്നു പിണറായി എംഎൽഎ കൂടിയാണ്.

പിന്നീട് കണ്ണൂരിൽ എന്തിനും ഏതിനും പിണറായിക്കു വിശ്വാസം കോടിയേരിയെയായി.
അടിയന്തരാവസ്ഥക്കാലത്തെ അന്നത്തെ പ്രമുഖര്‍ക്കൊപ്പമുള്ള ജയില്‍വാസം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണന്‍ വളര്‍ന്നു. 1982 ല്‍ തലശേരി എംഎല്‍എ. തോല്‍വിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്ക്. 90ല്‍ ജില്ലാ സെക്രട്ടറിയായി.
എം.വി രാഘവൻ സിപിഎം വിട്ട കടുത്ത വെല്ലുവിളിയുടെ നാളുകളിലാണ് 36–ാം വയസ്സിൽ കോടിയേരി കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്ന് പിണറായി സിപിഎം സംസ്ഥാന സെക്രട്ടറി ആയതോടെ അദ്ദേഹത്തിന്റെ വിശ്വസ്തനായ സെക്രട്ടേറിയറ്റ് അംഗമായി കോടിയേരി മാറി. പിണറായി അന്ന് നായനാർ മന്ത്രിസഭയിൽ അംഗമായതിനാൽ കോടിയേരി സെക്രട്ടറി ആകുമെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാൽ, മന്ത്രിസഭയിൽ നിന്ന് സംഘടനയെ നയിക്കാൻ പിണറായി വിജയനെ സിപിഎം തിരഞ്ഞെടുത്തപ്പോൾ മുതൽ അദ്ദേഹത്തിന് കരുത്തുപകർന്ന് കോടിയേരി കൂടെ നിന്നു. കേന്ദ്ര കമ്മിറ്റിയിലേക്കും പൊളിറ്റ്ബ്യൂറോയിലേക്കും ഒടുവിൽ സംസ്ഥാന സെക്രട്ടറി പദത്തിലേക്കും കോടിയേരി കടന്നുവന്നതിലും പിണറായിയുടെ പിന്തുണയും അദ്ദേഹത്തിനു കോടിയേരിയിൽ ഉണ്ടായ വിശ്വാസവും പ്രധാന ഘടകങ്ങളാണ്.

പിണറായി വിജയനു പിന്നാലെ, ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ 2015 ഫെബ്രുവരി 23 നാണ് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയായി ആദ്യം സ്ഥാനമേറ്റത്. 2018 ൽ കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും 2022 ൽ കൊച്ചിയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലും വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

മൂന്ന് പതിറ്റാണ്ടിലേറെക്കാലം സി.പി.എം രാഷ്ട്രീയത്തെ ഏറ്റവും സ്വാധീനിച്ച കൂട്ടുകെട്ടായിരുന്നു പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള ബന്ധം. പതിമൂന്നാം വയസില്‍ തുടങ്ങിയ ആ സുഹൃദ്ബന്ധം അരനൂറ്റാണ്ടിലേറെ കോട്ടം തട്ടാതെ തുടര്‍ന്നു. വിഭാഗീയതയുടെ കാലത്തു പിണാറിയിക്ക് ഒപ്പം അദ്ദേഹം ഉറച്ചുനിന്നു. പിണറായി മുഖ്യമന്ത്രി സ്ഥാനമേറ്റപ്പോൾ പാർട്ടിയുടെ ശക്തമായ പിന്തുണയുമായി അദ്ദേഹമുണ്ടായിരുന്നു ഒപ്പം

Back to top button
error: