TechTRENDING

ഇനി 5ജി യുഗം; ഉദ്ഘാടനം ഇന്ന്, 2024 മാര്‍ച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും സേവനം ലഭ്യമാകും

ദില്ലി: 5ജി സേവനങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ (IMC-2022) ആറാമത് എഡിഷൻ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് 5G സേവനങ്ങൾ ഉദ്ഘാടനം ചെയ്യുക. മൊബൈൽ ഓപ്പറേറ്റർമാർ 5G യുടെ വാണിജ്യപരമായ സേവനം അതിനുശേഷം ആരംഭിക്കുമെന്നാണ് സൂചന. റിലയൻസ് ജിയോയും ഭാരതി എയർടെലും ഒക്ടോബറിൽ തന്നെ 5G ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.  ദീപാവലിയോടെ മെട്രോകളിൽ 5G സേവനങ്ങൾ ലഭ്യമാക്കും.

വർഷങ്ങളായുള്ള തയ്യാറെടുപ്പിന് ശേഷമാണ് 5G  സേവനങ്ങൾ രാജ്യത്ത് ആരംഭിക്കുന്നത്. അടുത്തിടെ, 5G സ്പെക്ട്രം ലേലം വിജയകരമായി  നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെർട്സ് എയർവേവ് ടെലികോം കമ്പനികൾക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സർക്കാരിന് ലഭിക്കുകയും ചെയ്തു. വേഗത്തിലുള്ള 5G യുടെ നടപടികൾ സുഗമമാക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) 2022 ഓഗസ്റ്റിൽ റൈറ്റ് ഓഫ് വേ (RoW) ചട്ടങ്ങൾ 2016 ഭേദഗതി ചെയ്തിരുന്നു.

Signature-ad

ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികൾക്ക് ഉള്ളത്. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്‌വർക്ക് ദാതാക്കൾ അറിയിച്ചിട്ടുണ്ട്. കൂടാതെ നഗരങ്ങളിലും 5ജി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. 2024 മാർച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5ജി സേവനം ലഭ്യമാകും.

തങ്ങളുടെ സിം 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തവർ അവരുടെ സിമ്മുകൾ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ട ആവശ്യമില്ലെന്ന് എയർടെൽ  നേരത്തെ അറിയിച്ചിട്ടുണ്ട്. 5ജിയെ ഇത് സപ്പോർട്ട് ചെയ്യും. തങ്ങളുടെ പ്രദേശത്ത് 5ജി ലഭിക്കുമോ, എപ്പോൾ ലഭിക്കുമെന്ന് അറിയാൻ താൽപ്പര്യമുള്ളവർക്ക് അവരുടെ നഗരവും ഫോണും ഉപയോഗിച്ച് എയർടെൽ താങ്ക്സ് ആപ്പിൽ അപ്ഡേഷൻ പരിശോധിക്കാവുന്നതാണ്. 5ജി ആരംഭിച്ചതിന് ശേഷം മാത്രമേ ഈ ഫീച്ചർ ലൈവ് ആകൂ.

ആദ്യം തന്നെ ലേലത്തിൽ സ്വന്തമാക്കിയ 5ജി സ്‌പെക്ട്രത്തിന് വേണ്ടി അഡ്വാൻസായി തുകയടച്ച് എയർടെൽ രംഗത്തെത്തിയിരുന്നു. നൽകേണ്ട ആകെ തുകയിൽ നിന്ന് 8312.4 കോടി രൂപയാണ് ഭാരതി എയർടെൽ ടെലികോം വകുപ്പിന് നൽകിയിരിക്കുന്നത്.20 വർഷങ്ങളായി തവണകളായി തുക അടയ്ക്കാനുള്ള അനുമതി ടെലികോം വകുപ്പ് കമ്പനിയ്ക്ക് നൽകിയിട്ടുണ്ട്. ഇതിൽ നാലുവർഷത്തെ തുകയാണ് മുൻകൂറായി എയർടെൽ നൽകിയത്.

Back to top button
error: