IndiaNEWS

ആര്‍എസ്എസ് തമിഴ്‌നാട്ടില്‍ നടത്താനിരുന്ന റൂട്ട് മാര്‍ച്ച് തടഞ്ഞ സര്‍ക്കാര്‍ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവച്ചു

ചെന്നൈ:  ആ‍ർഎസ്എസ് തമിഴ്നാട്ടില്‍ ഒക്ടോബര്‍ 2ന് നടത്താനിരുന്ന റൂട്ട് മാർച്ച് തടഞ്ഞ തമിഴ‍്നാട് സർക്കാർ തീരുമാനം മദ്രാസ് ഹൈക്കോടതി ഇന്ന് ശരിവച്ചു. റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആർഎസ്എസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി തീരുമാനം. സര്‍ക്കാര്‍ വാദം കേട്ട ശേഷമാണ് ഹൈക്കോടതി തീരുമാനം.

ആര്‍എസ്എസ് തിരുവള്ളൂര്‍ ജോയിന്‍റെ സെക്രട്ടറി ആര്‍.കാര്‍ത്തികേയനാണ് സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യ ഹർജി നല്‍കിയത്. ഇന്ന് ഉച്ചയോടെയാണ് ഹര്‍ജി കോടതി പരിഗണിച്ചത്. കോടതി ആവശ്യപ്പെട്ടിട്ടും തമിഴ്നാട് സര്‍ക്കാര്‍ റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്.

മാർച്ചിന് അനുമതി നൽകാൻ സെപ്തംബർ 22ന് ഹൈക്കോടതി പൊലീസിന് അനുകൂല നിർദേശം നൽകിയിരുന്നെങ്കിലും പൊലീസ് അത് തള്ളിക്കളഞ്ഞെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് പ്രഭാകരൻ കോടതിയില്‍ വാദിച്ചു. പ്രത്യേക ജുഡീഷ്യൽ ഉത്തരവുണ്ടായിട്ടും കോടതി പുറപ്പെടുവിച്ച ഉത്തരവുകളിൽ പോലീസിന് അനുമതി നിരസിക്കാൻ കാരണങ്ങളൊന്നും പറയുന്നില്ലെന്ന് പ്രഭാകരൻ വാദിക്കുന്നു. കോടതി ഉത്തരവുകൾ പാലിക്കാൻ പൊലീസ് ബാധ്യസ്ഥരാണെന്നും അദ്ദേഹം വാദിച്ചു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് കേന്ദ്രം ഏർപ്പെടുത്തിയ വിലക്ക് കാരണം ആർഎസ്‌എസ് എന്തിന് കഷ്ടപ്പെടണമെന്ന് ആര്‍എസ്എസിന് വേണ്ടി ഹാജറായ വക്കീല്‍ ചോദിച്ചു. നിരോധനാജ്ഞയാണ് അനുമതി നിഷേധിക്കാനുള്ള കാരണങ്ങളിലൊന്നായി പൊലീസ് ചൂണ്ടിക്കാട്ടിയതെന്നും ഇദ്ദേഹം പറഞ്ഞു. കോടതി ഉത്തരവുകൾ അനുസരിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് പോലീസിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും മനപ്പൂർവ്വം ഇത്തരം വിധികള്‍ അവഗണിക്കുന്നത് കുറ്റമാണെന്ന് പ്രസ്താവിക്കുന്ന സുപ്രീം കോടതി വിധികളും ഹര്‍ജിക്കാരന്‍റെ വക്കീല്‍ അവതരിപ്പിച്ചു.

മുതിർന്ന അഭിഭാഷകൻ ജി രാജഗോപാലും ആർഎസ്എസിന് വേണ്ടി കോടതിയില്‍ വാദിച്ചു. ക്രമസമാധാനം ചൂണ്ടിക്കാട്ടി അനുമതി നിരസിക്കാന്‍ പൊലീസിന് ആകില്ലെന്നും. ക്രമസമാധാനം. പരിപാലിക്കേണ്ടത് പോലീസിന്റെ കടമയാണെന്നും സുപ്രിം കോടതി വ്യക്തമായി പറഞ്ഞതായി  ജി രാജഗോപാല്‍ വാദിച്ചു. ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് കേരളത്തിൽ പോലും അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു.

ആര്‍എസിഎസിന് വേണ്ടി തന്നെ ഹാജറായ മുതിർന്ന അഭിഭാഷകൻ എൻഎൽ രാജ
ഒക്ടോബര്‍ രണ്ടിന് മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കാനുള്ള മാർച്ച്‌ തമിഴ്‌നാട്ടിൽ മാത്രം അനുവദിക്കാത്തത് എങ്ങനെയെന്ന് കോടതിയില്‍ ചോദിച്ചു.

ഇതോടെ ആര്‍എസ്എസ് വാദങ്ങള്‍ എതിര്‍ത്ത് മുതിർന്ന അഭിഭാഷകൻ എൻ.ആർ. ഇളങ്കോ സര്‍ക്കാറിനും പോലീസിനും വേണ്ടി വാദവുമായി എത്തി. ഏത് കോടതിയലക്ഷ്യ നടപടികളിലും എന്തെങ്കിലും സത്യമുണ്ടോയെന്ന് ആദ്യം പരിശോധിക്കണമെന്ന് സര്‍ക്കാര്‍  വാദിച്ചു.
അതേ സമയം ആര്‍എസഎസ് മാർച്ചിന് അനുമതി നൽകാന്‍ താന്‍ നേരത്തെ നല്‍കിയത് പോസിറ്റീവ് നിർദ്ദേശമാണെന്നും, മാര്‍ച്ചിന് അനുമതി നല്‍കാനുള്ള അപേക്ഷയായി അത് കാണരുതെന്ന് ജഡ്ജി പറഞ്ഞു.

തുടര്‍ന്ന് ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ് ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ വായിച്ചു. ഈ ഓഡറില്‍ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപനങ്ങളിലെ എൻഐഎ റെയ്ഡുകള്‍ നടക്കുന്നതും. ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് നേരെ പലയിടത്തും പെട്രോൾ ബോംബ് ആക്രമണം നടന്നതും അനുമതി നിരസിക്കാനുള്ള കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പിഎഫ്‌ഐയ്‌ക്കെതിരായ നടപടി മൂലം ക്രമസമാധാന തകരാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ തന്നെ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്കീല്‍ എൻ.ആർ. ഇളങ്കോ കോടതിയെ അറിയിച്ചു. തമിഴ്‌നാട്ടിലെ വർഗീയ സംഘർഷം സംബന്ധിച്ച കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടുകൾ തള്ളിക്കളയാനാവില്ല. പൊതുതാൽപ്പര്യമാണ് പരമോന്നതമെന്ന് സര്‍ക്കാര്‍ വക്കീല്‍ കോടതിയെ അറിയിച്ചു. ജനങ്ങളുടെ സുരക്ഷയാണ് പരമോന്നത നിയമം’ എന്ന നിയമപരമായ വാക്യവും സര്‍ക്കാര്‍ കോടതിയില്‍ വായിച്ചു.

ആര്‍എസ്എസ് കോടതിയില്‍ ഉദ്ധരിച്ച സുപ്രീംകോടതി ഉത്തരവുകള്‍ക്ക് ബദലായി ക്രമസമാധാന പ്രശ്‌നങ്ങളിൽ കോടതികൾ ഇടപെടേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവുണ്ടെന്ന് സര്‍ക്കാര്‍  ചൂണ്ടിക്കാട്ടി. സെപ്തംബർ 27ന് തന്നെ ഈ വിഷയത്തില്‍ കോടതി നിര്‍ദേശത്തിനെതിരെ പൊലീസ് പുനഃപരിശോധനാ ഹർജികൾ നൽകിയെന്നും അദ്ദേഹം അറിയിച്ചു. ആര്‍എസ്എസ് പരിപാടി ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്ന ഏഴ് ഇന്റലിജൻസ് റിപ്പോർട്ടുകൾ തമിഴ്നാട് സർക്കാരിന് ലഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നതിൽ നിന്ന് ആർഎസ്എസിനെ പൊലീസ് തടയുന്നുവെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. ഒക്ടോബർ രണ്ടിന് മാത്രമേ മാർച്ച് നടത്താൻ പോലീസിന് എതിർപ്പുള്ളൂവെന്നും മറ്റേതെങ്കിലും ദിവസം അനുമതി നൽകുന്ന കാര്യം പരിഗണിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇതേ സമയം സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ് ജിന്ന പൊലീസ് വാദങ്ങളുമായി രംഗത്ത് എത്തി. എൻഐഎ റെയ്ഡുകളും പെട്രോൾ ബോംബ് ആക്രമണങ്ങളും പോലുള്ള പ്രശ്‌നങ്ങൾ കാരണം പൗരന്മാരുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ സെപ്റ്റംബർ 22 ന് ശേഷം 52,000 പോലീസുകാരെയാണ് സര്‍ക്കാര്‍ ഡ്യൂട്ടിയില്‍ നിര്‍ത്തിയതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

ആര്‍എസ്എസ് അഭിഭാഷകന്‍റെ നേരത്തെ വാദം ഉദ്ധരിച്ച സര്‍ക്കാര്‍ വക്കീല്‍ ഇളങ്കോ, ഒക്‌ടോബർ രണ്ടിന് അതിന്റേതായ പവിത്രതയുണ്ടെന്നും. ഒരു വശത്ത് നാഥുറാം ഗോഡ്‌സെയെ വാഴ്ത്തുന്ന ആളുകൾക്ക് മഹാത്മാഗാന്ധിയുടെ ജന്മദിനവും ആഘോഷിക്കാൻ അനുമതി തേടാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കാര്യം പറഞ്ഞതിന് മറുപടിയായി സംസ്ഥാനങ്ങള്‍ മാറുന്നതിന് അനുസരിച്ച് ക്രമസമാധാന നില വ്യത്യസ്തമായിരിക്കും എന്നും സര്‍ക്കാര്‍ പറഞ്ഞു.

മറ്റൊരു തീയതിക്ക് അനുമതി നൽകാൻ പോലീസിനോട് നിർദേശിക്കാമെന്നും ജഡ്ജി പറഞ്ഞു. നവംബർ ആറിന് മാർച്ച് നടത്താമെന്ന് ജഡ്ജി പറഞ്ഞു.  ഹര്‍ജികള്‍ സ്വീകരിച്ച കോടതി  കോടതിയലക്ഷ്യ ഹർജി ഒക്‌ടോബർ 31-ലേക്ക് മാറ്റി. നവംബർ 6-ന് പോലീസ് മാർച്ച് അനുവദിക്കണമെന്നും അല്ലാത്തപക്ഷം  കോടതിയലക്ഷ്യ ഹർജിയുമായി മുന്നോട്ട് പോകുമെന്നും കോടതി പറയുന്നു.

Back to top button
error: