കേരളത്തിൻ്റെ മനസാക്ഷിയെ മുറിപ്പെടുത്തിയ സംഭവമാണ് കാട്ടാക്കട ട്രാൻസ്പോർട്ട് ഡിപ്പോയിൽ പ്രേമനനും മകൾ രേഷ്മയ്ക്കും നേരിടേണ്ടി വന്നത്. കണ്‍സഷന്‍ കാർഡ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നിർദ്ദയം മര്‍ദ്ദിച്ചു. സെപ്റ്റംബര്‍ 20നായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. രാവിലെ 11ന് മകളോടൊപ്പം കണ്‍സെഷന്‍ പുതുക്കാനായി കാട്ടാക്കട ഡിപ്പോയിലെ കൗണ്ടറില്‍ എത്തിയ ആമച്ചൽ സ്വദേശി പ്രേമനനെയും മകള്‍ രേഷ്മയെയും ജീവനക്കാര്‍ കൈയേറ്റം ചെയ്യുകയായിരുന്നു. കൺസഷൻ പുതുക്കി നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നിരിക്കെ അതു കൂടിയേ കഴിയൂ എന്ന ട്രാൻസ്പോർട്ട് ജീവനക്കാരൻ്റെ വാശിയും പ്രേമനൻ അതു ചോദ്യം ചെയ്തതുമാണ് വാക്കേറ്റത്തിലേയ്ക്കും കയ്യേറ്റത്തിലേക്കും നയിച്ചത്.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കെഎസ്ആർടിസി ജീവനക്കാരെ അപമാനിക്കാൻ പെൺകുട്ടിയടെ അച്ഛൻ പ്രേമനൻ ക്യാമറയും ആളുമായി എത്തിയെന്ന വിചിത്ര വാദമാണ് ജീവനക്കാർ ഉന്നയിച്ചത്. അതിന് പിന്നാലെ പ്രേമനെ രൂക്ഷമായി വിമശിച്ച് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും സി.കെ ഹരികൃഷ്ണനും ഉൾപ്പടെയുള്ളവർ രംഗത്തുവന്നു. ഇതിനിടെ 5 ജീവനക്കാരെ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് സി.പി മിലന്‍ ഡോറിച്ച്, കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാർ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവം നടന്ന് ഒൻപത് ദിവസമായിട്ടും ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാടി മർദ്ദനത്തിന് ഇരയായ പ്രേമനനൻ ഇന്നലെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ എസിഎസ്ടി അതിക്രമ നിയമവും ചുമത്തണമെന്ന് പ്രേമനൻ അഭ്യർത്ഥിച്ചു. ഇതിനിടെ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി തീരുമാനം പറയും വരെ ഒളിവിൽ തുടരാനാണ് പ്രതികളുടെ തീരുമാനം.
എന്തായാലും ഒടുവിൽ കെഎസ്ആർടിസി മേലാളന്മാർക്ക് മനസാന്തരം വന്നു. കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയില്ല, വിദ്യാർഥിയാണെന്നു തെളിയിക്കേണ്ടിയും വന്നില്ല. ഒരാഴ്ച മുൻപു പുതുക്കി നൽകില്ലെന്ന് അധികൃതർ വാശി പിടിച്ച കൺസഷൻ ടിക്കറ്റ് ഇന്ന് രേഷ്മയുടെ വീട്ടിലെത്തിച്ചു നൽകി കെഎസ്ആർടിസി തെറ്റു തിരുത്തി.
പ്രേമനനും ബിരുദ വിദ്യാർഥിയായ മകൾ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകൾക്കൊപ്പം കാട്ടാക്കട ട്രാൻസ്പോർട്ട് ഡിപ്പോയിൽ എത്തിയതും ജീവനക്കാരുടെ മർദനമേറ്റതും കേരളം മുഴുവൻ ചർച്ചയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.
എന്തായാലും കേസ് ഇനി ബാക്കിയാണ്.