സിനിമയിലെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനെപ്പോലെ എല്ലാ ആജ്ഞകളും അനുസരിക്കാനും വിട്ടുജോലികൾ ചെയ്യാനും ഒരു റോബോട്ട് ലഭ്യമാകുക എന്നത് ആരുടെയും ആഗ്രഹമാണ്. കണ്ണൂർ വേങ്ങാട് കരിയന്തോടി ‘റിച്ച് മഹല്ലി’ൽ ഷിയാദ് എന്ന പതിനേഴുകാരൻ ജന്മമേകിയ പാത്തൂട്ടി എന്ന റോബോട്ട് ആരെയും അത്ഭുതപ്പെടുത്തും. വീട്ടുജോലികളിൽ ഉമ്മയെ സഹായിക്കുന്നതും ഉമ്മാമ്മയ്ക്ക് മരുന്ന് എടുത്ത് കൊടുക്കുന്നതുമൊക്കെ ഷിയാദെന്ന പതിനേഴുകാരൻ സ്വന്തം ശാസ്ത്രജ്ഞാനത്തിലൂടെ ജന്മമേകിയ റോബോട്ടാണ്. പ്രത്യേകം സജ്ജമാക്കിയ പാത്ത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നു എന്നതു കൊണ്ടാണ് പാത്തൂട്ടി എന്ന പേര് നൽകിയത്.
അടുക്കളയിൽ ഉമ്മയെ സഹായിക്കുന്നതിന് പുറമേ വിഭവങ്ങൾ ഡൈനിംഗ് ടേബിളിൽ എത്തിക്കുകയും കൊണ്ടുപോവുകയും ചെയ്യുന്ന പാത്തൂട്ടി ഓട്ടോമാറ്റിക്കായും മാന്വലായും പ്രവർത്തിക്കും. ഓട്ടോമാറ്റിക്കായാണ് പ്രവർത്തനമെങ്കിൽ വഴി തിരിച്ചറിഞ്ഞ് അടുക്കളയിൽ നിന്നും ഡൈനിംഗ് ഹാളിലേക്ക് സഞ്ചരിക്കും. വഴിയില്ലാത്ത സ്ഥലത്ത് എത്തിച്ചാൽ മാന്വൽ മോഡിലേക്ക് മാറ്റണം. തന്റെ സഞ്ചാരപഥത്തിൽ ആരെങ്കിലും നിന്നാൽ വഴിമാറാൻ പറയാനും പാത്തൂട്ടിക്കറിയാം.
പഠനത്തോടൊപ്പം ഇത് ഒരു പ്രോജക്ടായി ഏറ്റെടുക്കുകയായിരുന്നു ഷിയാദ്. പിതാവ് പാപ്പിനിശ്ശേരി ഹിദായത്ത് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സി.കെ അബ്ദുറഹിമാൻ ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകി. മേക്കപ്പിനും മറ്റും മാതാവും സഹോദരൻ ഷിയാസും, റോബോട്ട് പ്രവർത്തനക്ഷമമാക്കുന്നതിന് സഹപാഠി അർജുനും സഹായിച്ചു.
വേങ്ങാട് ഇ.കെ നായനാർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു കപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഷിയാദ് നേരത്തെ പിതാവിന്റെ കോളജ്കാല അനുഭവക്കുറിപ്പ് ഡോക്യുമെന്ററിയാക്കി ശ്രദ്ധേയനായിരുന്നു. കെ ടെറ്റിന്റെ ഉൾപ്പെടെയുള്ള അംഗീകാരം ലഭിച്ചിട്ടുള്ള പാത്തൂട്ടിയെ കാണാൻ നിരവധിയാളുകൾ വീട്ടിലെത്തുന്നുണ്ടെന്ന് ഷിയാദ് പറയുന്നു.
ഐ.എം.ടി.ആപ്പിൽ…
പ്ലാസ്റ്റിക്ക് സ്റ്റൂൾ, അലൂമിനിയം ഷീറ്റ്, 4 ടയർ, ഫീമെയിൽ ഡമ്മി, സേർവിംഗ് ട്രേ തുടങ്ങിയവയിലാണ് പാത്തൂട്ടിയുടെ നിർമ്മിതി. എം.ഐ.ടി ആപ്പ് വഴി നിർമ്മിച്ച മൊബൈൽ ആപ്ലിക്കേഷനും അഡ്‌മെഗാ മൈക്രോ കൺട്രോളറും ഐ.ആർ, അൾട്രാസോണിക് സെൻസറുകളും സാങ്കേതിക പ്രവർത്തനം നിയന്ത്രിക്കും.