KeralaNEWS

ന്യൂസ് അവർ—, മലയാളി തിരയുന്ന ചർച്ച

കണക്കുകൾ സംസാരിക്കട്ടെ......

 

മലയാളം ചാനലുകളിലെ പ്രൈം ടൈം ഡിബേറ്റുകളിൽ അജയ്യരായി മുന്നേറുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. കഴിഞ്ഞ മാസങ്ങളിലെ റേറ്റിങ് സൂചിപ്പിക്കുന്നത് ബിജെപി, സിപിഎം തുടങ്ങിയ പാർട്ടികളുടെ ബഹിഷ്കരണമോ സൈബർ ഇടങ്ങളിലെ വെല്ലുവിളികളോ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ജനസമ്മതി ഇല്ലാതാക്കിയില്ല എന്നാണ്. മലയാളിയുടെ ആദ്യ വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് മറ്റ് ചാനലുകളെ ബഹുദൂരം പിന്തള്ളിയാണ് കുതിക്കുന്നത്. ബാർക് റേറ്റിങ് പ്രകാരം മലയാളത്തിലെ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള പരിപാടിയാണ് ന്യൂസ് അവർ. രണ്ടും മൂന്നും നാലും സ്ഥാനത്തുള്ള യഥാക്രമം 24, മനോരമ, മാതൃഭൂമി ന്യൂസ്, എന്നിവയുടെ പ്രൈം ടൈം ഡിബേറ്റുകളുടെ കാഴ്ചക്കാരെ ചേർത്ത് വച്ചാൽ പോലും ന്യൂസ് അവറിനെ മറികടക്കാനാകില്ല. ഈ മാസം 9ന് പുറത്ത് വന്ന ബാ‍ർക് റേറ്റിങ് പ്രകാരം ന്യൂസ് അവറിന്‍റെ റേറ്റിങ് 1170 ആണ്. എൻകൗണ്ടറിന്‍റേത് 401 ഉം, കൗണ്ടർ പോയന്‍റിന്‍റേത് 456 ഉം സൂപ്പർ പ്രൈം ടൈമിന്‍റേത് 260മാണ്. മലയാളി പ്രേക്ഷകരിൽ 40 ശതമാനം ആളുകളും കാണുന്നത് ന്യൂസ് അവറാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന റേറ്റിങിലും ന്യൂസ് അവ‍ർ മുന്നേറ്റം തുടരുകയാണ്. 1043 ആണ് ന്യൂസ് അവറിന്‍റെ റേറ്റിങ്.

Signature-ad

സൈബർ ആക്രമണങ്ങൾക്കിടയിലും ഒന്നാമത്….

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇതുവരെ കാണാത്ത വിധത്തിൽ സൈബർ ഇടങ്ങളിൽ ആക്രമണം നേരിടുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. സിപിഎമ്മും ബിജെപിയും നേരത്തെ ചാനൽ ബഹിഷ്കരിച്ചതാണ്. ന്യൂസ് അവർ ചർച്ചകളിൽ ഇന്നും ബിജെപി നേതാക്കളാരും പങ്കെടുക്കുന്നില്ല. ന്യൂസ് അവറിന്‍റെ ആങ്കറായ വിനു വി.ജോണിനെയും വളഞ്ഞിട്ടാക്രമിക്കുകയാണ് പാർട്ടിക്കാർ. വിനു നയിക്കുന്ന ച‍ർച്ചകളിൽ പങ്കെടുക്കുന്നില്ലെന്ന് പോലും പല രാഷ്ട്രീയ നേതാക്കളും പ്രഖ്യാപിച്ചതാണ്. പാർട്ടി അണികളല്ല, സത്യം മനസ്സിലാക്കുന്ന ജനങ്ങളാണ് വിജയമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ആവർത്തിച്ച് പറഞ്ഞത് സത്യമാക്കുകയാണ് റേറ്റിങ് കണക്കുകൾ. കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ ആഴമേറിയ അറിവും വ്യക്തമായ കാഴ്ചപ്പാടുമാണ് എന്നും ന്യൂസ് അവറിന്‍റെ മുതൽകൂട്ട്.

മലയാളിയുടെ വാർത്തായിടത്തിൽ ന്യൂസ് അവ‍ർ സ്ഥാനം പിടിച്ചിട്ട് 20 വർഷത്തോളമായി. രാത്രി 8 മണി മുതൽ 9 മണി വരെ മലയാളി ഇന്നും ആ ശീലം തുടരുന്നു. വിനു വി.ജോണും, പി.ജി. സുരേഷ് കുമാറുമാണ് ന്യൂസ് അവറിന്‍റെ പ്രധാന അവതാരകർ.

അവതരണ ശൈലിയും നിഷ്പക്ഷതയുമാണ് മറ്റ് ചാനൽ ഡിബേറ്റുകളേക്കാൾ ഏഷ്യാനെറ്റ് ന്യൂസിന്‍റെ മികവ്. ആയുധത്തേക്കാൾ മൂർച്ചയുള്ള വാക്കുകളും അത് തുറന്ന് പറയാനുള്ള നിർഭയത്വവും ആർജവവും ന്യൂസ് അവർ അവതാരകരെ വ്യത്യസ്തരാക്കുന്നു. കേവലം രാഷ്ട്രീയ ചർച്ചകൾക്ക് അപ്പുറം ജനമനസ്സറിയുന്ന, സാധാരണക്കാരനെ ആഴത്തിൽ ബാധിക്കുന്ന പ്രശ്നങ്ങളിലേക്ക് ഇറങ്ങിചെല്ലാനും ന്യൂസ് അവറിന് സാധിക്കുന്നു. നേരോടെ നിർഭയം നിരന്തരം മുന്നേറുകയാണ് ന്യൂസ് അവർ.

Back to top button
error: