CrimeNEWS

മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറന്ന് രണ്ട് ലക്ഷം കവര്‍ന്നയാള്‍ അറസ്റ്റില്‍

ചാവക്കാട്: നഗരത്തില്‍ മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറന്ന് 1.89 ലക്ഷം കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം കൊട്ടാരക്കര കരിക്കത്ത് പുത്തന്‍വീട്ടില്‍ അഭിലാഷി (കോട്ടത്തല രാജേഷ്-40)നെയാണ് ചാവക്കാട് പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഓഗസ്റ്റ് 29-ന് പുലര്‍ച്ചെ രണ്ടരയോടെ ആശുപത്രിപ്പടിയിലെ വി-കെയര്‍ മെഡിക്കല്‍ ഷോപ്പിലാണ് മോഷണം നടന്നത്. ഷോപ്പിലെയും പരിസര പ്രദേശങ്ങളിലെയും നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതില്‍നിന്ന് പ്രതിയുടെ വ്യക്തമല്ലാത്ത രൂപം പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍, മോഷണസമയത്ത് മുഖം മറയ്ക്കുന്ന രീതിയില്‍ മങ്കി ക്യാപ്പ്, മാസ്‌ക് എന്നിവയും വിരലടയാളം പതിയാതിരിക്കാന്‍ ഗ്ലൗസും ധരിച്ചിരുന്നത് പോലീസിനെ കുഴക്കി.

ആളെ തിരിച്ചറിയാതിരിക്കാന്‍ കോട്ടും ഇയാള്‍ ധരിച്ചിരുന്നു. വിരലടയാളവിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് സംഘം എന്നിവരുടെ സഹായത്തോടെ പ്രതി സഞ്ചരിച്ച വഴിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന് അന്വേഷണസംഘം സംസ്ഥാനത്തേയും ഇതരസംസ്ഥാനങ്ങളിലെയും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ചു. പ്രതിയുടെ ദൃശ്യങ്ങള്‍ സമീപ ജില്ലകളിലെ പോലീസിന് അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ അഭിലാഷാണ് പ്രതിയെന്ന് പോലീസിന് വ്യക്തമായി. ഞായറാഴ്ച ഉച്ചയോടെ എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിന് സമീപമുള്ള ലോഡ്ജില്‍ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. .

അഭിലാഷിന്റെ പേരിലുള്ള നൂറിലധികം മോഷണകേസുകളില്‍ ഭൂരിഭാഗവും മെഡിക്കല്‍ ഷോപ്പുകളും സൂപ്പര്‍മാര്‍ക്കറ്റുകളും കുത്തിത്തുറന്ന് നടത്തിയിട്ടുള്ളവയാണെന്ന് പോലീസ് അിയിച്ചു. 10 വര്‍ഷത്തിലധികം ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷ്ടിച്ച തുകയുമായി ആഢംബര ജീവിതം നയിക്കുന്നതാണ് പ്രതിയുടെ രീതിയെന്നും പറയുന്നു.

 

 

 

 

Back to top button
error: