CrimeNEWS

പ്രണയവിവാഹം നടത്തിക്കൊടുത്ത വികാരിക്ക് മര്‍ദനം: വധുവിന്റെ അച്ഛന്‍ അറസ്റ്റില്‍

കുന്നംകുളം: മകളുടെ പ്രണയവിവാഹത്തെ പിന്തുണച്ചെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് വൈദികനെയും ഭാര്യയെയും ആക്രമിച്ചു. പ്രതിയായ കുന്നംകുളം കാണിയാമ്പാല്‍ സ്വദേശി തെക്കേക്കര വീട്ടില്‍ വില്‍സണി(53)നെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി വികാരി ഫാ. ജോബി, ഭാര്യ ഷൈനി എന്നിവരെയാണ് വില്‍സണ്‍ വീട്ടില്‍ക്കയറി ആക്രമിച്ചത്. ഇടവകാംഗംകൂടിയായ യുവാവുമായി ജൂലായിലാണ് വില്‍സണിന്റെ മകളുടെ പ്രണയവിവാഹം നടന്നത്. പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ അപേക്ഷ ലഭിച്ചപ്പോള്‍ ബിഷപ്പുമായി സംസാരിച്ച് അനുമതി വാങ്ങി പള്ളിവികാരിയായ ഫാ. ജോബി വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതേച്ചൊല്ലി മുന്‍പും വില്‍സണ്‍ വൈദികന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു.

Signature-ad

ഞായറാഴ്ച പള്ളിയിലെ കുര്‍ബാന കഴിഞ്ഞ് വികാരിയും ഭാര്യയും വീട്ടിലെത്തിയപ്പോള്‍ വില്‍സണ്‍ വൈദികനെയും വീട്ടുകാരെയും അധിക്ഷേപിച്ച് സംസാരിക്കുകയും വീട്ടിലെ കസേരയും മറ്റു വസ്തുക്കളും വലിച്ചെറിയുകയും ചെയ്തു. ഇയാളെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഫാ. ജോബിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. ഭാര്യയ്ക്കു നേരെയും അക്രമമുണ്ടായി. പള്ളിക്കമ്മിറ്റി അംഗങ്ങളും മറ്റും സ്ഥലത്തെത്തിയതോടെ ഇയാള്‍ സ്ഥലംവിട്ടു. വൈദികനെയും ഭാര്യയെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടവക സെക്രട്ടറി ബൈജു സി. പാപ്പച്ചന്റെ വീട്ടിലും വില്‍സണ്‍ ബഹളമുണ്ടാക്കി. പരാതി ലഭിച്ചതോടെ പോലീസ് വില്‍സണിനെ കാണിയാമ്പാലിലെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

 

Back to top button
error: