IndiaNEWS

പ്രധാന വാർത്തകൾ: സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജിയെന്ന് ഗെലോട്ട് പക്ഷത്തെ 92 എംഎല്‍എമാർ, ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാരം ഇന്നു രാവിലെ ഒമ്പതിന് മുക്കട്ട വലിയ ജുമാ മസ്ജിദില്‍, ജമ്മു കാഷ്മീരിലെ സ്‌കൂളുകളില്‍ ഭജനയും സൂര്യ നമസ്‌കാരവും നിരോധിക്കണമെന്ന് ഇസ്ലാമിക സംഘടന, നയന്‍താര നായികയായ ബോളിവുഡ് ചിത്രം ‘ജവാൻ’ നെറ്റ്ഫ്ലിക്സ് ഒടിടി അവകാശം വാങ്ങിയത് 120 കോടി രൂപയ്ക്ക്

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ കലാപം. അശോക് ഗെലോട്ട് എഐസിസി പ്രസിഡന്റാകാനിരിക്കേ, ഒഴിവുവരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനെ പരിഗണിച്ചാല്‍ രാജിയെന്ന് ഗെലോട്ട് പക്ഷത്തെ 92 എംഎല്‍എമാരുടെ ഭീക്ഷണി. മുഖ്യമന്ത്രി അശോക് ഗെലോട്ടിനേയും സച്ചിന്‍ പൈലറ്റിനേയും സോണിയാഗാന്ധി ഡല്‍ഹിക്കു വിളിപ്പിച്ചു.പുതിയ മുഖ്യമന്ത്രി ആരെന്ന തീരുമാനം ഹൈക്കമാന്‍ഡിനു വിടാനുള്ള പ്രമേയം പാസാക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നിര്‍ദ്ദേശം നല്‍കി. നിയമസഭാകക്ഷി യോഗം റദ്ദാക്കി. അട്ടിമറി നീക്കങ്ങള്‍ക്കു പിറകില്‍ താനല്ല എന്ന് അശോക് ഗെലോട്ട്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെ പട്ടാളം വീട്ടു തടങ്കലിലാക്കിയെന്ന പ്രചാരണം. നിരവധി ആഭ്യന്തര വിമാന – ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. അട്ടിമറി അഭ്യൂഹത്തില്‍ ചൈന പ്രതികരിച്ചിട്ടില്ല. പ്രസിഡന്റിനെതിരെ രാഷ്ട്രീയ നീക്കം നടത്തിയെന്നാരോപിച്ച് ഒരു ഉന്നത ഉദ്യോഗസ്ഥനു വധശിക്ഷ നല്‍കിയെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്.

Signature-ad

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങള്‍ ആവശ്യപ്പെട്ട രേഖകള്‍ തന്നില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം കേരള ഹൈക്കോടതിയില്‍. അലൈന്‍മെൻ്റിന് ആവശ്യമായ സ്വകാര്യഭൂമി, റെയില്‍വേ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇതുവരെ കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ തന്നില്ലെന്നാണ് റെയില്‍വേ മന്ത്രാലയം കോടതിയെ അറിയിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനിടെ അക്രമങ്ങള്‍ നടത്തിയതിന് 274 പേരെകൂടി അറസ്റ്റു ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 1,289 ആയി. 836 പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാരം ഇന്നു രാവിലെ ഒമ്പതിന് മുക്കട്ട വലിയ ജുമാ മസ്ജിദില്‍. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. ഏഴു പതിറ്റാണ്ട് കോണ്‍ഗ്രസ് നേതൃനിരയിലുണ്ടായിരുന്ന നേതാവാണ് ആര്യാടന്‍ മുഹമ്മദ്.

പൊതുവിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ് വെയറുകളേ ഉപയോഗിക്കാവൂ എന്നും ഉടമസ്ഥാവകാശമുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാല്‍ നടപടിയെടുക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പൊതുജനങ്ങള്‍ക്കും സ്വതന്ത്ര സോഫ്റ്റ് വെയറില്‍ പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനയുമായി പോലീസ്. താണയിലെ ബി മാര്‍ട്ട് എന്ന സ്ഥാപനത്തില്‍ റെയ്ഡ് നടത്തി കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഫയല്‍ എന്നിവ പിടിച്ചെടുത്തു.

കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പോലും അഴിമതിയിലാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. കോട്ടയത്ത് പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണമാണ്. അക്രമങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്നു. ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും നദ്ദ കുറ്റപ്പെടുത്തി.

  പത്തനംതിട്ട കൂടലില്‍ പൊലീസുകാരനെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജീവിനെ കസ്റ്റഡിയിലെടുത്തു. എടത്തറ ബ്രാഞ്ച് സെക്രട്ടറിയാണ്. കൂടല്‍ സ്റ്റേഷനിലെ ഷാഫി, അരുണ്‍ എന്നീ പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വാഹനം ഓവര്‍ടേക്ക് ചെയ്തതിനെക്കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ പൊലീസിനെ ആക്രമിച്ചതിനാണു കേസ്.

അച്ഛന്റെ കടബാധ്യത പരിഹരിക്കാന്‍ വഴിതേടി വീട്ടുകാരറിയാതെ കോഴിക്കോടുനിന്നു മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റ്യാടി വേളം സ്വദേശിയായ ദേവാനന്ദനാണ് ശനിയാഴ്ച രാത്രി ഒന്‍പതരയോടെ ക്ലിഫ് ഹൗസിനു മുന്നില്‍ ഓട്ടോയില്‍ വന്നിറങ്ങിയത്. മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ട കുട്ടിയോടു പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രി ദേവാനന്ദനെ നേരിട്ടു കണ്ടെന്നു മാത്രമല്ല, അച്ഛനെ കോഴിക്കോടുനിന്നു വരുത്തി വിശേഷങ്ങള്‍ ആരാഞ്ഞു. വിഷയത്തില്‍ ഇടപെടാമെന്ന് ആശ്വസിപ്പിച്ചാണ് മുഖ്യമന്ത്രി ഇരുവരെയും യാത്രയാക്കിയത്.

ശബരിമല തീര്‍ത്ഥാടന കാലം എത്താറായിട്ടും മരാമത്ത് പണികള്‍ പൂര്‍ത്തിയാക്കാത്തതിനു പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ശകാരം. മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്.

സിനിമാ സംവിധായകനും ഐടി സംരംഭകനുമായ അശോക് കുമാര്‍ അന്തരിച്ചു. അറുപതു വയസായിരുന്നു. വര്‍ക്കല സ്വദേശിയാണ്. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വര്‍ണം, ആചാര്യന്‍, മൂക്കില്ലാ രാജ്യത്ത് തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു.

പുനർവിവാഹ പരസ്യം നല്‍കിയ യുവാവുമായി സൗഹാര്‍ദം സ്ഥാപിച്ച് നാലു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത മുപ്പത്താറുകാരി അറസ്റ്റിലായി. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ പുത്തന്‍തുറ വീട്ടില്‍ വിജയന്റെ മകള്‍ ആര്യയെയാണ് പത്തനംതിട്ട കോയിപ്രം പോലീസ് പിടികൂടിയത്. കോയിപ്രം സ്വദേശിയ അജിത് നൽകിയ പരാതിയിലാണു അറസ്റ്റ്.

ഹൈക്കോടതിയില്‍ ജോലി തരാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി പണം തട്ടിയ യുവതി അറസ്റ്റിലായി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കരെ, ഇടയപാടയത്ത് കൃഷ്ണന്‍കുട്ടിയുടെ മകള്‍ സുരഭി കൃഷ്ണയാണ് പത്തനംതിട്ട കോയിപ്രം പോലീസിന്റെ പിടിയിലായത്.

മാനന്തവാടി ഡിവൈഎസ്പി ഓഫീസിലേക്കു മാര്‍ച്ച് നടത്തിയ 86 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. പ്രതികളെ കണ്ണൂരിലെ ജയിലുകളിലേക്ക് മാറ്റി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

ഓവര്‍ടേക്കു ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ബൈക്ക് യാത്രക്കാരനായ പ്രതിയെ അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല കുറുപ്പന്‍കുളങ്ങര വെളിയില്‍ വീട്ടില്‍ ഉണ്ണിക്കുട്ടന്‍ (28) നാണ് അറസ്റ്റിലായത്. കട്ടപ്പന ഡിപ്പോയിലെ ബസ് ഡ്രൈവറായ ഇടുക്കി വാഴത്തോപ്പ് ചീനിക്കല്‍ വീട്ടില്‍ ഇബ്രാഹിമിനാണ് (48) നാണ് മര്‍ദനമേറ്റത്.

കൊല്ലം ചടയമംഗലത്ത് 24 കാരിയായ ലക്ഷ്മി പിള്ള ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. ചടയമംഗലം അക്കോണം സ്വദേശി കിഷോര്‍ എന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്.

അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കും. തുടരാന്‍ താല്‍പര്യമില്ലെന്ന് കെ കെ വേണുഗോപാല്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. മുകുള്‍ റോത്തഗിയും അറ്റോര്‍ണി ജനറല്‍ സ്ഥാനം നിരാകരിച്ചതോടെ മറ്റൊരാളെ കണ്ടെത്തേണ്ടി വരും.

ലാലുപ്രസാദ് യാദവും നിതീഷ് കുമാറും എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷ ഐക്യ റാലിക്കു പിറകേയാണ് ഇരുവരും സോണിയ ഗാന്ധിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ഐക്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ചയാകാമെന്ന് സോണിയ ഗാന്ധി അറിയിച്ചതായി ലാലു പ്രസാദ് യാദവ് പറഞ്ഞു.

ജമ്മു കാഷ്മീരിലെ സ്‌കൂളുകളില്‍ ഭജനയും സൂര്യ നമസ്‌കാരവും നിരോധിക്കണമെന്ന് ഇസ്ലാമിക സംഘടനയുടെ കൂട്ടായ്മ. മുത്തഹിദ മജ്‌ലിസ് – ഇ – ഉലമ എന്ന കൂട്ടായ്മയാണ് ഈ ആവശ്യവുമായി രംഗത്തുവന്നത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പ്രതിഷേധ റാലിക്കിടെ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചതിനെക്കുറിച്ച് അന്വേഷണം. പൂനെയിലെ പ്രതിഷേധ പ്രകടനത്തിലാണ് മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിന് 85,705 കോടി രൂപയുടെ ആസ്തി. ക്ഷേത്രത്തിന്റെ നടത്തിപ്പു ചുമതലയുള്ള തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ചെയര്‍മാന്‍ വൈ.വി. സുബ്ബറെഡിയാണ് ഇക്കാര്യം വെളിപെടുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,123 ഏക്കറിലായി 960 ഭൂസ്വത്തുണ്ടെന്നും അദ്ദേഹം വെളിപെടുത്തി.

ഉത്തരാഖണ്ഡില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റായ യുവതിയെ ബിജെപി നേതാവിന്റെ മകന്‍ കൊലപെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തിന്റെ അര്‍ത്ഥമെന്തെന്നു രാഹുല്‍ ഗാന്ധി. അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തില്‍ പ്രധാനമന്ത്രിയുടെ മൗനം രാജ്യത്തെ സ്ത്രീകള്‍ സുരക്ഷിതത്വം പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കുന്നതാണ്. അക്രമവും ധിക്കാരവും ബിജെപിയുടെ പര്യായങ്ങളാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ മൃതദേഹം വീട്ടുകാര്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. മൃതദേഹം ഏറ്റുവാങ്ങാന്‍ ആദ്യം വിസമ്മതിച്ച വീട്ടുകാരുമായി ജില്ലാ അധികൃതര്‍ ചര്‍ച്ച നടത്തുകയും പ്രതികള്‍ക്കെതിരേ ശക്തമായ നടപടികള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. റിസോര്‍ട്ട് ഇടിച്ചു നിരത്തിയത് തെളിവ് നശിപ്പിക്കാനാണന്ന് കുടുംബം ആരോപിച്ചിരുന്നു.

തമിഴ്നാട് കമ്പത്ത് ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയ യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി. മൃതദേഹം മുല്ലപ്പെരിയാറില്‍ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലില്‍ തള്ളി. പ്രതികള്‍ പോലീസില്‍ കീഴടങ്ങി. കമ്പം നാട്ടുകാല്‍ തെരുവില്‍ താമസിക്കുന്ന പ്രകാശാണ് കൊല്ലപ്പെട്ടത്. ഓട്ടോ ഡ്രൈവര്‍ വിനോദ് കുമാര്‍, ഭാര്യ നിത്യ, മൃതദേഹം നീക്കം ചെയ്യാന്‍ സഹായിച്ച വിനാദ് കുമാറിന്റെ സുഹൃത്ത് രമേശ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

ആന്ധ്രപ്രദേശ് ചിറ്റൂര്‍ ജില്ലയിലെ കാര്‍ത്തികേയ ആശുപത്രിയില്‍ തീപിടിത്തം. ഡോക്ടറും രണ്ടു മക്കളും പൊള്ളലേറ്റു മരിച്ചു. ഡോ. രവിശങ്കര്‍ റെഡിയും ഒമ്പതും പതിനാലും വയസുള്ള മക്കളുമാണ് മരിച്ചത്. ഡോക്ടറും കുടുംബവും ആശുപത്രിയുടെ മുകളിലെ നിലയിലാണു താമസിച്ചിരുന്നത്.

  സൂര്യകുമാര്‍ യാദവും വിരാട് കോലിയും തകര്‍ത്തടിച്ചു. ഓസ്ട്രേലിയക്കെതിരെ നടന്ന പരമ്പര ടീം ഇന്ത്യക്ക് സ്വന്തം. അവസാനത്തേയും മൂന്നാമത്തേയും ട്വന്റി20 മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടിം ഡേവിഡിന്റേയും കാമറോണ്‍ ഗ്രീനിന്റേയും മികവില്‍ ഓസ്ട്രേലിയ നേടിയ 186 റണ്‍സിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കി നില്‍ക്കേയാണ് വിജയക്കൊടി പാറിച്ചത്. 36 പന്തില്‍ 69 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു. കോലി 48 പന്തില്‍ 63 റണ്‍സ് നേടി. അക്ഷര്‍ പട്ടേലാണ് പരമ്പരയുടെ താരം.

ന്യൂസീലന്‍ഡ് എ ടീമിനെതിരായ രണ്ടാം മത്സരത്തിലും ഇന്ത്യ എ ടീമിന് ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ എ 2-0ന് സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 47 ഓവറില്‍ 219 റണ്‍സെടുത്തു പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ 34 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.

തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഒരു ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്താല്‍ നാലു മണിക്കൂറിനുള്ളില്‍ ഉപഭോക്താവിന് ഇത് എത്തിക്കുന്ന വിധത്തിലുള്ള അതിവേഗ ഡെലിവറി 50 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ആമസോണ്‍. നിലവില്‍ 14 നഗരങ്ങളില്‍ ആയിരുന്നു ഈ സേവനം ലഭ്യമായിരുന്നത്. ആമസോണ്‍ പ്രൈം മെമ്പര്‍മാര്‍ക്ക് ആണ് ഈ സേവനം ലഭിക്കുക. സൂറത്ത്, മൈസൂരു, മംഗലാപുരം, ഭോപ്പാല്‍, നാസിക്, നെല്ലൂര്‍, അനന്തപൂര്‍, വാറങ്കല്‍, ഗാസിയബാദ്, ഫരീദാബാദ്, പാറ്റ്ന എന്നിവിടങ്ങളില്‍ വിവിധ പിന്‍കോഡുകള്‍ക്ക് കീഴില്‍ വരുന്ന സ്ഥലങ്ങളില്‍ കൂടി ഇനിമുതല്‍ നാലു മണിക്കൂറിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. 97 ശതമാനത്തിന് മുകളിലുള്ള പിന്‍കോഡുകളില്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഉപഭോക്താവിന് കിട്ടുന്നുണ്ടെന്നും ആമസോണ്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആയിഷ’ എന്ന ചിത്രത്തിലെ മനോഹര മെലഡി എത്തി. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ഈ ഇന്തോ-അറബിക് ചിത്രത്തിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. എം ജയചന്ദ്രന്റെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. നൂറ അല്‍ മര്‍സൂഖിയാണ് അറബിക് വരികള്‍ എഴുതിയിരിക്കുന്നത്. ശ്രേയാ ഘോഷാലിന്റെ മധുര ശബ്ദത്തില്‍ പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആയിഷ ഒക്ടോബറില്‍ തിയറ്ററുകളില്‍ എത്തും. ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന.

ആറ്റ്ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് നായകനാവുന്ന ‘ജവാൻ’ ചിത്രത്തിന്റെ ഒടിടി അവകാശം 120 കോടി രൂപയ്ക്കാണത്രേ റിലീസിനു മുന്‍പേ നെറ്റ്ഫ്ലിക്സ് വാങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയ്ക്കാണെന്നാണ് വിവരം. പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ സാറ്റലൈറ്റ്, ഒടിടി അവകാശങ്ങള്‍ ചേര്‍ത്താല്‍ 250 കോടിയുടെ ബിസിനസ് ആണ് ചിത്രം ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. നയന്‍സിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രവുമാണ് ഇത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ജവാന്റെ റിലീസ് തീയതി 2023 ജൂണ്‍ 2 ആണ്. കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണത്രേ. ‘റോ’യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം..

Back to top button
error: