LocalNEWS

ആരോഗ്യമേഖലയുടെ ഏറ്റവും വലിയ വെല്ലുവിളി ജീവിതശൈലീ രോഗങ്ങള്‍: ആരോഗ്യ മന്ത്രി

കോട്ടയം: സുസ്ഥിര ആരോഗ്യ സൂചികകളില്‍ മുന്നിലാണെങ്കിലും ജീവിതശൈലീരോഗങ്ങളാണ് കേരളത്തിലെ ആരോഗ്യസംവിധാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയം ജില്ലയിലെ ജീവിതശൈലീ രോഗനിയന്ത്രണപരിപാടി ‘ക്യാന്‍ കോട്ടയം’ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജനങ്ങളില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി ഈ സര്‍ക്കാരിന്റെ കാലത്തു പത്തിന കര്‍മപരിപാടി നടത്തുന്നതിന്റെ ഭാഗമായാണ് ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ കണ്ടെത്താന്‍ വീടുകള്‍ തോറും സര്‍വേ നടത്തുന്നത്. ആശാവര്‍ക്കര്‍മാര്‍ വീടുകളിലെത്തി മൊബൈല്‍ ആപ്പ് വഴി 30 വയസ് പിന്നിട്ട എല്ലാവര്‍ക്കും സ്‌ക്രീനിങ്ങ് നടത്തുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ഇതുവരെ ഇത്തരത്തില്‍ 24 ലക്ഷം പേരെ സ്‌ക്രീന്‍ ചെയ്തുവെന്നും ഇതില്‍ ആറുശതമാനത്തോളം പേര്‍ക്കു ക്യാന്‍സര്‍ പരിശോധന നടത്തണമെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്രയും ആളുകള്‍ക്ക് ക്യാന്‍സര്‍ ഉണ്ടെന്നല്ല മറിച്ചു സാധ്യതകള്‍ പരിശോധിച്ചു പ്രതിരോധിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി ജില്ലാ പഞ്ചായത്തിന്റെ ക്യാന്‍ കോട്ടയം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോട്ടയം ജില്ലയില്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്യാന്‍ കോട്ടയം പദ്ധതിയുടെ ലോഗോ പ്രകാശനവും ആരോഗ്യമന്ത്രി നിര്‍വഹിച്ചു.

Signature-ad

ജില്ലയിലെ 30 വയസിനുമുകളില്‍ പ്രായമുള്ള എല്ലാവരെയും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങള്‍ക്കായി സ്‌ക്രീന്‍ ചെയ്യുകയും രോഗസാധ്യത കൂടിയവരെ കണ്ടെത്തി രോഗനിര്‍ണയം നടത്തുകയുമാണ് ക്യാന്‍ കോട്ടയം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി നഗര, ഗ്രാമ തലങ്ങളില്‍ ആരോഗ്യകേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും ആവശ്യമായ സംവിധാനമൊരുക്കും. ആരോഗ്യപ്രവര്‍ത്തകരെയും ആശാപ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചും, സംസ്ഥാനസര്‍ക്കാരിന്റെ ശൈലി ആപ്ലിക്കേഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചും മുഴുവന്‍ പേരെയും സ്‌ക്രീന്‍ ചെയ്തു രോഗനിര്‍ണയം നടത്തും.

ചടങ്ങില്‍ ബ്ളോക്ക് തലത്തിലെ ആരോഗ്യമേളയില്‍ ഒന്നാമതെത്തിയ കാഞ്ഞിരപ്പള്ളി, രണ്ടാം സ്ഥാനം പങ്കിട്ട കടുത്തുരുത്തി, മാടപ്പള്ളി മൂന്നാം സ്ഥാനം പങ്കിട്ട പാമ്പാടി, വാഴൂര്‍ ബ്ളോക്ക് പഞ്ചായത്തുകള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് കൈമാറി. ഇ-സഞ്ജീവനി പദ്ധതി പ്രകാരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ടെലിമെഡിസിന്‍ കോളുകള്‍ സ്വീകരിച്ച ഡോ. രാധാകൃഷ്ണനെ മന്ത്രി ആദരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു.

ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്്പമണി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജയ്മോഹന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി.എന്‍. വിദ്യാധരന്‍, ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Back to top button
error: