കോട്ടയം: പൊതുജനാഭിപ്രായം തേടിയും ന്യൂനതകള്‍ പരിഹരിച്ചും കേരള പൊതുജനാരോഗ്യ ബില്‍ കുറ്റമറ്റതാക്കി ഏറ്റവും ശക്തവും ഭദ്രവുമാക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. 2021 ലെ കേരള പൊതുജനാരോഗ്യ ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കാനായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിയമസഭ സെലക്റ്റ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ഒരു ചികിത്സാവിഭാഗത്തെയും ഒഴിവാക്കില്ല. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ വേണ്ട. വ്യക്തിയുടെ ചികിത്സാ സ്വാതന്ത്ര്യത്തെയടക്കം ഹനിക്കാതെ കുറ്റമറ്റ ബില്‍ തയാറാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്തുനിന്നും വിവിധ മേഖലയില്നിന്നുമുള്ളവരുടെയും നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായും പകര്‍ച്ചവ്യാധികളെ ഫലപ്രദമായി തടയാന്‍ കാലോചിതമായ സമഗ്രനിയമം ആവശ്യമായതിനാലാണ് ബില്‍ കൊണ്ടുവന്നതെന്നും സെലക്ട് കമ്മിറ്റി വ്യക്തമാക്കി. പൊതുജനങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആരോഗ്യവിദഗ്ധര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍, സംഘടനകള്‍, ജനപ്രതിനിധികള്‍ എന്നിവരില്‍നിന്നുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമിതി കേട്ടു. കേരള പൊതുജനാരോഗ്യ ബില്ലും ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റില്‍ (www.niyamasabha.org-Home page) ലഭിക്കും. ബില്ലിലെ വ്യവസ്ഥകളിന്മേല് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ (legis…@niyamasabha.nic.in) നിയമസഭാ സെക്രട്ടറിക്ക് നല്‍കാം.
സമിതിയംഗങ്ങളായ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എം.എല്‍.എ.മാരായ അഡ്വ. മോന്‍സ് ജോസഫ്, ഡോ. സുജിത്ത് വിജയന്‍പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത, അഡീഷണല്‍ ലോ സെക്രട്ടറി എസ്. സന്ധ്യ, എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, നിയമസഭ ജോയിന്റ് സെക്രട്ടറി പി. ഹരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.