ചെന്നൈ: സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍നിന്നു പുറത്താക്കിയ യുവതി കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ വെട്ടിപ്പൊളിച്ച് അകത്തുകയറി. തിരുവാരൂര്‍ ജില്ലയിലെ മയിലാടുതുറൈ സ്വദേശി പ്രവീണയാണ് (30) ഭര്‍ത്താവ് നടരാജന്റെ (32) വീടിനുമുന്നില്‍ 20 ദിവസം കാത്തിരുന്നശേഷം അകത്തുകയറിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം.
24 പവനും 3 ലക്ഷം രൂപയും എന്‍ഫീല്‍ഡ് ബുള്ളറ്റും സ്ത്രീധനമായി നല്‍കിയാണ് പ്രവീണയുടെ വീട്ടുകാര്‍ വിവാഹം നടത്തിയത്. മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും നടരാജന്റെ വീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ പ്രവീണയെ പീഡിപ്പിക്കാന്‍ തുടങ്ങി. ചെന്നൈയിലെ സ്വകാര്യകമ്പനിയിലാണ് നടരാജന് ജോലി. നടരാജന് ഇല്ലാത്ത സമയം പ്രവീണയെ വീട്ടില്‍നിന്നു പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍തൃകുടുംബം വീടുപൂട്ടി ബന്ധുവീട്ടിലേക്ക് മാറി.
എന്നാല്‍, പ്രവീണ ഭര്‍തൃവീട്ടില്‍നിന്നും പോകാന്‍ തയാറായില്ല. 20 ദിവസം വീടിനുപുറത്തുതന്നെ പാചകം ചെയ്ത് താമസിച്ചു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മയിലാത്തുറൈ പോലീസില്‍ പരാതിയും നല്കി. കഴിഞ്ഞ ദിവസം നടരാജന്റെ ബന്ധുക്കള്‍ വീട്ടിലെത്തുകയും പശുക്കളെ പരിചരിച്ച ശേഷം തിരിച്ചുപോകുകയും ചെയ്തു. തന്റെ കാര്യത്തില്‍ തീരുമാനം എടുക്കാതായതോടെ പ്രകോപിതയായ പ്രവീണ നാട്ടുകാരുടെ സാന്നിധ്യത്തില്‍ കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ചു അകത്തുകയറി.
വിവരം അറിഞ്ഞ് പോലീസ് സംഭവ സ്ഥലത്തെത്തി. തന്റെ ഭര്‍ത്താവിനെക്കുറിച്ച് വിവരമില്ലെന്നും അദ്ദേഹത്തെ കണ്ടെത്തി തരണമെന്നും യുവതി പോലീസിനോട് ആവശ്യപ്പെട്ടു. ഭര്‍ത്താവ് തന്നെ വേണ്ടെന്ന് പറയുകയാണെങ്കില്‍ താന്‍ വീട്ടില്‍ നിന്നും ഇറങ്ങാമെന്നും പ്രവീണ പറഞ്ഞു.