Breaking NewsNEWS

ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ക്ക് മുട്ടന്‍പണി; K.R.T.Cയുടെ നഷ്ടം അക്രമികള്‍ നല്‍കണം: ഹൈക്കോടതി

കൊച്ചി: വെള്ളിയാഴ്ചത്തെ ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിക്കുണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. ബസുകള്‍ നന്നാക്കാനുള്ള ചിലവുകള്‍ക്ക് പുറമെ സര്‍വീസ് മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ വരുമാന നഷ്ടവും അക്രമികളില്‍ നിന്നും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കെ.എസ്.ആര്‍.ടി.സി. കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഭാഗത്ത് നിന്നാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങളാണ് അരങ്ങേറിയത്. നിരവധി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഹര്‍ത്താല്‍ നിയമവിരുദ്ധമായി നേരത്തെ തന്നെ കോടതി പ്രഖ്യാപിച്ചതാണ്. അത്തരത്തില്‍ നിയമവിരുദ്ധമായ നടപടിയുടെ ഭാഗമായി ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങളുടെ ഉത്തരവാദിത്വം സമരം ആഹ്വാനം ചെയ്തവര്‍ക്കുതന്നെയാണ്. അത് നേരത്തെ തന്നെ കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ശക്തമായ നടപടി ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയോടും ഗതാഗത സെക്രട്ടറിയോടും കോടതി നിര്‍ദ്ദേശിച്ചു.

നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് പൊതുമുതലില്‍ ഉണ്ടായ നഷ്ടത്തുക കോടതിയില്‍ കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കുക. ഈ രണ്ട് മാര്‍ഗങ്ങളാണ് സര്‍ക്കാരിന് മുമ്പിലുള്ളത്. ഇതില്‍ ഏത് നടപടിയാണ് സ്വീകരിക്കുക എന്നാണ് അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കേണ്ടത്.

Back to top button
error: