CrimeNEWS

സൈക്കിള്‍ പാര്‍ട്ടിന്റെ രൂപത്തില്‍ സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ പിടിച്ചത് 1037 ഗ്രാം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സൈക്കിള്‍ പാര്‍ട്ടിന്‍െ്‌റ രൂപത്തില്‍ സ്വര്‍ണം കടത്തിയ ആള്‍ പിടിയില്‍. കോഴിക്കോട് സ്വദേശി അബ്ദുള്‍ ഷെരീഫിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാള്‍ കൊണ്ടുവന്ന സൈക്കിളിന്റെ ലോഹഭാഗങ്ങളില്‍നിന്ന് 1037 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.

അല്‍ഐനില്‍നിന്നാണ് ഷെരീഫ് കരിപ്പൂരില്‍ എത്തിയത്. സൈക്കിളിന്റെ ഭാഗങ്ങള്‍ വെവ്വേറെയായി വലിയ പെട്ടിയിലാണ് കൊണ്ടുവന്നത്. ഇതിന്റെ ഭാരക്കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധിച്ചത്. എന്നാല്‍, ആദ്യഘട്ടത്തില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് വിശദമായി പരിശോധിച്ചതോടെയാണ് സീറ്റുറപ്പിക്കുന്ന ലോഹഭാഗത്തുനിന്ന് സ്വര്‍ണവും കണ്ടെടുത്തത്. ഈ ലോഹഭാഗത്തിന്റെ 81 ശതമാനവും സ്വര്‍ണമായിരുന്നുവെന്നു കസ്റ്റംസ് പറഞ്ഞു.

എട്ടുമണിക്കൂറോളം സമയമെടുത്താണ് ലോഹഭാഗത്തുനിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. പലതരത്തിലും സ്വര്‍ണക്കടത്ത് നടക്കാറുണ്ടെങ്കിലും, മറ്റുലോഹങ്ങള്‍ക്കൊപ്പം സ്വര്‍ണം കൂടി ചേര്‍ത്ത് കടത്തുന്നത് ആദ്യമാണെന്നും അടുത്തകാലത്തുനടത്തിയ ഏറ്റവും ശ്രമകരമായ ദൗത്യമാണിതെന്നുമായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

Back to top button
error: