ഹർത്താൽ അനുകൂലികൾ കേരളത്തിൽ ഇന്നലെ നടത്തിയത് വ്യാപകമായ അക്രമമായിരുന്നു.70 കെഎസ്ആർടിസി ബസ്സുകളും, കടകളും, നിരവധി സ്വകാര്യവാഹനങ്ങളും ഇതിലുൾപ്പെടും.എന്നാൽ ഇത് മാത്രമല്ല ഹർത്താലിന്റെ ബാക്കിപത്രം.
ഈ ഹർത്താലിന്റെ ഏറ്റവും അപകടകരമായ ബാക്കിപത്രം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തെരുവിൽ അഴിഞ്ഞാടുന്ന വീഡിയോകൾ ഉത്തരേന്ത്യയിൽ ഉണ്ടാക്കുന്ന ഭീതിദമായ വർഗീയ ധ്രുവീകരണമാണ്.
കേരളത്തിലെ മുസ്ലിങ്ങൾക്കുള്ള വിദ്യാഭ്യാസമോ, തൊഴിൽ സാധ്യതയോ, സാമൂഹ്യഅംഗീകാരമോ അവകാശപ്പെടാൻ ഇല്ലാത്ത സാധുക്കളായ ഉത്തരേന്ത്യൻ മുസ്ലിങ്ങൾ കൂടുതൽ കൂടുതൽ അന്യവൽക്കരിക്കപ്പെടാനുള്ള സാധ്യതയാണ് ഈ ഹർത്താലിന്റെ അപകടകരമായ ഉപോല്പന്നം.
ഹർത്താൽ നടത്തിയത് കേരളത്തിൽ മാത്രമാണ്. മുസ്ലിങ്ങൾ അന്യവൽക്കരിക്കപ്പെടാത്ത കേരളത്തിൽ. ഇപ്പോഴും മുസ്ലിങ്ങൾ പ്രബലമായ രാഷ്ട്രീയസാമൂഹ്യശക്തിയായ കേരളത്തിൽ.
യുപിയിലെയും, ഗുജറാത്തിലെയും, ബിഹാറിലെയും ഒക്കെ സാധുക്കളായ മുസ്ലിങ്ങൾ ഇതൊന്നും അറിഞ്ഞിട്ടുപോലുമില്ല. ഇന്നും പതിവുപോലെ ഓട്ടോറിക്ഷ ഓടിച്ചും, റോഡരികിൽ കച്ചവടം നടത്തിയും ഒക്കെ അന്നന്നത്തെ അന്നം കണ്ടെത്താൻ അധ്വാനിക്കുകയായിരുന്നു അവർ.
പക്ഷെ, പോപ്പുലർ ഫ്രണ്ട് നടത്തിയ ആക്രമങ്ങളുടെ വീഡിയോ ക്ലിപ്പുകൾ ഇപ്പോൾ തന്നെ ഇന്ത്യയെമ്പാടും ഉള്ള കോടിക്കണക്കിനു മനുഷ്യരിൽ എത്തിയിട്ടുണ്ടാകും. അവർ സംശയത്തോടെ നോക്കുന്നത് ഈ സാധുക്കളെ കൂടിയാണ്. അവരുടെ സമാധാനജീവിതത്തെകൂടിയാണ് ഏതാനും ചിലർ ചേർന്ന് അപകടത്തിലേക്ക് തള്ളിവിടുന്നത്.
ഇസ്‌ലാമോഫോബിയക്ക് വേരു പടർത്താൻ ഭൂരിപക്ഷ- ന്യുനപക്ഷ മതാത്മക വർഗീയതകൾക്കു ഒരുപോലെ സാധിക്കുന്നുണ്ട്. രണ്ടുകൂട്ടരുടെയും സംഭാവന അതിലുണ്ട്. അനുഭവിക്കുന്നത് ഒരു പ്രിവിലേജുമില്ലാത്ത സാധുക്കളായ മനുഷ്യരും. രക്ഷകർ എന്ന് പറഞ്ഞുകൊണ്ട് വരുന്നവർ ആരെയാണ് രക്ഷിക്കുന്നത് എന്ന് ആത്മപരിശോധന നടത്തിനോക്കൂ.
ഭൂരിപക്ഷവംശീയരാഷ്‌ട്രീയത്തെ എതിർത്ത് തോൽപ്പിക്കാൻ കുറുക്കുവഴികൾ ഇല്ല. ഒരൊറ്റ നേർവഴി മാത്രമേ ഉള്ളൂ- ഭരണഘടനാധാർമികതയിലും ബഹുസ്വരതയിലും അധിഷ്ഠിതമായ മതേതരജനായത്ത രാഷ്ട്രീയം. ആ രാഷ്ട്രീയത്തിന്റെ സമകാലികപ്രസക്തിയാണ് സിദ്ദിഖ് കാപ്പന് ജാമ്യം നിന്ന രൂപ് രേഖാ വർമ്മ നമുക്ക് സൗമ്യമായി കാട്ടിത്തരുന്നത്.
ചേർത്തു നിർത്തലിന്റെ രാഷ്ട്രീയം. അതാണ് നമുക്ക് ആവശ്യം. അല്ലാതെ പ്രതിരോധം എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഭീകരവാദത്തിന്റെ വഴിയല്ല.