NEWSWorld

മസ്‌കറ്റിലെ റെസ്റ്റോറന്റുകളിലും കഫേകളിലും പരിശോധന; 24 കിലോ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് മുന്‍സിപ്പാലിറ്റിയുടെ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. മസ്‌കറ്റ് മുന്‍സിപ്പാലിറ്റിയുടെ ഭക്ഷ്യ നിയന്ത്രണ വിഭാഗം മത്രയിലെ 32 റെസ്റ്റോറന്റുകളിലും കഫേകളിലുമാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ചയാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ 24 കിലോഗ്രാം പഴകിയ ഭക്ഷണസാധനങ്ങളും പാചകത്തിന് യോഗ്യമല്ലാത്ത ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തതായി മസ്‌കറ്റ് മുന്‍സിപ്പാലിറ്റി അറിയിച്ചു. ആരോഗ്യ സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും സമാന രീതിയില്‍ ഒമാനില്‍ മസ്‌കറ്റ് മുന്‍സിപ്പാലിറ്റി വിവിധ റെസ്‌റ്റോറന്റുകളിലും കഫേകളിലും പരിശോധന നടത്തിയിരുന്നു. മത്രയിലെ റെസ്‌റ്റോറന്റിലും കഫേകളിലുമാണ് മുന്‍സിപ്പാലിറ്റിയിലെ ഭക്ഷ്യ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതോടെ രണ്ട് കടകള്‍ അടപ്പിച്ചു. 51 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 16 സ്ഥാപനങ്ങളില്‍ നിന്ന് 92 കിലോ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. പാചകത്തിന് യോഗ്യമല്ലാത്ത 104 പാത്രങ്ങളും പിടിച്ചെടുത്തിരുന്നു.

പ്രവാസികള്‍ക്കായുള്ള താമസസ്ഥലത്ത് ഉള്‍പ്പെടെ രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിന്ന് ഒമാന്‍ കസ്റ്റംസ് അധികൃതര്‍ നിരോധിത സിഗരറ്റുകള്‍ പിടികൂടിയിരുന്നു. നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് വിഭാഗം പ്രവാസികള്‍ക്കുള്ള ഒരു താമസസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മറ്റൊരു സംഭവത്തില്‍ അല്‍ ബത്തിനാ എക്‌സ്പ്രസ്വേയില്‍ നിര്‍ത്തിയിട്ട വാഹനവും പരിശോധിച്ചു. ഇവിടങ്ങളില്‍ നിന്നും നിരോധിത സിഗരറ്റുകള്‍ പിടിച്ചെടുത്തതായി ഒമാന്‍ കസ്റ്റംസ് അറിയിച്ചു.

Back to top button
error: