ടെഹ്‌റാന്‍: ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാരപ്പോലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഇറാനില്‍ പ്രതിഷേധം ആളി പടരുന്നു. അക്രമ സംഭവങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അധികൃതര്‍ അറിയിച്ചു. നഗരങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
കൊല്ലപ്പെട്ടവരില്‍ പോലീസ് ഓഫീസറും ഉണ്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതിനോടകം 50 ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.
സ്ത്രീകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഹിജാബ് കത്തിച്ചുള്ള പ്രതിഷേധമാണ് കൂടുതലും നടക്കുന്നത്. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 2019 ല്‍ ഇന്ധനവില വര്‍ധനവിന് എതിരെ നടന്ന പ്രക്ഷോഭത്തിന് ശേഷം ഇറാനില്‍ നടക്കുന്ന വലിയ പ്രതിഷേധമാണിത്. അന്ന് 1,500 ഓളം പേര്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിരുന്നു.