IndiaNEWS

കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയും: ഗെലോട്ട്

കൊച്ചി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് സൂചിപ്പിച്ച് മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ മുഖ്യമന്ത്രി സ്ഥാനവും കൂടി വഹിച്ച ചരിത്രമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ട്ടി അധ്യക്ഷനായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഗെലോട്ടിന്റെ പ്രതികരണം.

‘ഒരാള്‍ക്ക് ഒരു പദവി’ എന്ന ഉദയ്പുര്‍ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കണം എന്ന് രാഹുല്‍ ഗാന്ധി നിലപാട് എടുത്തിരുന്നു. ഗെലോട്ട് ഒഴിഞ്ഞാല്‍ സച്ചിന്‍ പൈലറ്റിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമ പരിഗണന. ഇരുപദവികളും വഹിക്കുന്നതിന് തടസമില്ലെന്ന ഗെലോട്ടിന്റെ നിലപാട് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി തള്ളിയിരുന്നു.

ഒരാള്‍ക്ക് ഒരു പദവി എന്ന ചിന്തന്‍ ശിബിര്‍ പ്രഖ്യാപനം എല്ലാവര്‍ക്കും ബാധകമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, ഇരട്ടപ്പദവി എന്ന അശോക് ഗെലോട്ടിന്റെ ആഗ്രഹം മുളയിലേ നുള്ളി. ഒരു പ്രത്യേക ആശയധാരയെ പ്രതിനിധീകരിക്കുന്ന ചരിത്രപരമായ പദവിയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമെന്ന് രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. രാഹുലിന്റെ വാര്‍ത്താസമ്മേളനത്തിന് തൊട്ടു മുന്‍പും മാധ്യമങ്ങളെ കണ്ട ഗെലോട്ട്, ഇരുപദവികളും ഒരുപോലെ വഹിക്കാനാവും എന്നായിരുന്നു പറഞ്ഞത്.

അതേസമയം, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഗെലോട്ട് രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് എതിരു നില്‍ക്കില്ലെന്നും ഉറപ്പായിരുന്നു. അതിനിടെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചിപ്പിച്ചത്.

എന്നാല്‍, പി.സി.സി അധ്യക്ഷന്‍ ഗോവിന്ദ് ദൊതസര അല്ലെങ്കില്‍ ശാന്തി ധരിവാള്‍ എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗെലോട്ട് നിര്‍ദേശിക്കുന്നത്. സ്പീക്കര്‍ സി.പി. ജോഷിയും മുഖ്യമന്ത്രിക്കസേരക്കായി നീക്കം നടത്തുന്നുണ്ട്.

 

 

Back to top button
error: