കാഠ്മണ്ഡു: പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റ് നേപ്പാളില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ലാല്‍ മുഹമ്മദ് എന്ന മുഹമ്മദ് ദര്‍ജി(55)യാണ് കാഠ്മണ്ഡുവിലെ രഹസ്യകേന്ദ്രത്തിന് പുറത്തുവെച്ച് കൊല്ലപ്പെട്ടത്. കാറില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അജ്ഞാതര്‍ ദര്‍ജിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇയാള്‍ ഇന്ത്യയിലേക്കുള്ള കള്ളനോട്ടിന്റെ ഏറ്റവും വലിയ വിതരണക്കാരനാണെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കുന്നവിവരം. പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും കള്ളനോട്ടുകള്‍ നേപ്പാളിലെത്തിക്കുകയും അവിടെനിന്ന് ഇന്ത്യയിലേക്ക് വിതരണം ചെയ്തുവരികയുമായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായും ദര്‍ജിക്ക് ബന്ധമുള്ളതായി ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പാക് ചാരസംഘടനയിലെ മറ്റു ഏജന്റുമാര്‍ക്ക് ഇയാള്‍ നേപ്പാളില്‍ ഒളിയിടം ഒരുക്കുകയും ഇവര്‍ക്ക് അഭയം നല്‍കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് മുഹമ്മദ് ദര്‍ജി കൊല്ലപ്പെട്ടതെന്നാണ് നേപ്പാളില്‍നിന്നുള്ള റിപ്പോര്‍ട്ട്. കാറില്‍നിന്ന് പുറത്തിറങ്ങിയ ഉടന്‍ അജ്ഞാതര്‍ ഇയാള്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. രക്ഷപ്പെടാനായി കാറിനരികെ ഒളിച്ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് വെടിയുതിര്‍ത്തു. സംഭവം കണ്ട് ഇയാളുടെ മകള്‍ സമീപത്തെ കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്ന് ചാടുന്നതും പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.