Breaking NewsNEWS

കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയിച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താലെന്ന് പോപ്പുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി/കൊച്ചി: കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്നു പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. പോപ്പുലര്‍ ഫ്രണ്ടിനെ തകര്‍ക്കുകയെന്ന ആര്‍.എസ്.എസ്. അജന്‍ഡയാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. സംഘടനയെ നിരോധിക്കാനാണ് ലക്ഷ്യമെങ്കില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാ മോദി സര്‍ക്കാര്‍ വന്നതിന് വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും വേട്ടയാടുന്ന നടപടിയാണ് രാജ്യത്ത് നടക്കുന്നത്. വേട്ടയാടി ഇല്ലാതാക്കുകയെന്നത് ആര്‍എസ്എസ് ലക്ഷ്യമാണ്. അത് നടപ്പാക്കുന്ന പണിയാണ് കേന്ദ്ര ഏജന്‍സി ചെയ്തു കൊണ്ടിരിക്കുന്നത്. നേതാക്കന്‍മാരെ വിട്ടുകിട്ടിയില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ ഉള്‍പ്പടെ ശക്തമായ പ്രതിഷേധം തുടരുമെന്നും സത്താര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Signature-ad

ദേശീയ ചെയര്‍മാന്‍ ഓ.എം.എ സലാം, ദേശീയ സെക്രട്ടറി നസറുദീന്‍ എളമരം എന്നിവരടക്കം 15 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ സംസ്ഥാനത്തുനിന്നും എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ഒ.എം.എ. സലാമിനെയും സിപി മുഹമ്മദ് ബഷീറിനെയും നസറൂദ്ദീന്‍ എളമരത്തെയും മലപ്പുറത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന കമ്മിറ്റി ഓഫിസിലെ മുന്‍ അക്കൗണ്ടന്റും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗവും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയും തൃശൂരില്‍ കസ്റ്റഡിയിലായി. എസ്.ഡി.പി.ഐ ജില്ലാ നേതാക്കളടക്കം മൂന്നുപേരെ കോട്ടയം ജില്ലയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. നൂറോളം പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. പോപ്പുലര്‍ ഫ്രണ്ടിനെതിരേ കേന്ദ്ര ഏജന്‍സികളായ എന്‍.ഐ.എയും ഇ.ഡിയും ബുധനാഴ്ച അര്‍ധരാത്രിയോടെ നാടകീയമായി നടത്തിയത് കേസന്വേഷണത്തിന്റെ ഭാഗമായ ഇത്തരത്തിലുള്ള ഏറ്റവും വലിയ നീക്കം. 13 സംസ്ഥാനങ്ങളില്‍ റെയ്ഡ് നടന്നുവെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം.

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നിവ സംയുക്തമായാണ് നീക്കം നടത്തിയത്. സംസ്ഥാന പോലീസിന്റെയും പിന്തുണയോടെ ആയിരുന്നു പല സംസ്ഥാനങ്ങളിലും റെയ്ഡ്. കേരളത്തില്‍നിന്ന് 22 പേരെ കസ്റ്റഡിയില്‍ എടുത്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മഹാരാഷ്ട്രയില്‍നിന്നും കര്‍ണാടകയില്‍നിന്നും 20 പേര്‍ വീതം പിടിയിലായി. തമിഴ്നാട്ടില്‍നിന്ന് 10 പേരെയും അസമില്‍നിന്ന് ഒന്‍പത് പേരെയും, ഉത്തര്‍പ്രദേശില്‍നിന്ന് 8 പേരെയും, ആന്ധ്രാപ്രദേശില്‍നിന്ന് 5 പേരെയും, മധ്യപ്രദേശില്‍നിന്ന് 4 പേരെയും, ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളില്‍നിന്ന് 3 പേരെ വീതവും, രാജസ്ഥാനില്‍നിന്ന് 2 പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കര്‍ണാടകയിലെ മംഗളൂരുവില്‍ എന്‍.ഐ.എ. റെയ്ഡിനെതിരേ പ്രതിഷേധിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 3.30-നാണ് എല്ലായിടത്തും റെയ്ഡുകള്‍ തുടങ്ങിയതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റെയ്ഡിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ വാര്‍ത്താക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ ദിന്‍കര്‍ ഗുപ്തയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് രാജ്യവ്യാപക റെയ്ഡുകള്‍ നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റെയ്ഡിനുവേണ്ട എല്ലാ പശ്ചാത്തലവും ഒരുക്കി. ബുധനാഴ്ച രാത്രി മുതല്‍ കേന്ദ്ര ഏജന്‍സികളുടെ തലവന്മാര്‍ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നാണ് പുറത്തുവരുന്ന വിവരം.

വിദേശ രാജ്യങ്ങളില്‍നിന്ന് ഫണ്ട് ലഭിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു. ചെന്നൈയിലുള്ള പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ആസ്ഥാനത്തും തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, കടലൂര്‍, ഡിണ്ടിഗല്‍, തേനി, തെങ്കാശി എന്നിവിടങ്ങളിലും റെയ്ഡുകള്‍ നടന്നു. അസമില്‍നിന്ന് 9 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഗുവഹാട്ടിയിലടക്കം റെയ്ഡുകള്‍ നടന്നു. യുപിയിലെ ലഖ്നൗ, ഡല്‍ഹിയിലെ ഷഹീന്‍ബാഗ്, ഖാസിപുര്‍ എന്നിവിടങ്ങളിലും റെയ്ഡുകള്‍ നടന്നുവെന്നാണ് വിവരം. റെയ്ഡിന് പിന്നാലെ ഹൈദരാബാദിലുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് എന്‍ഐഎ സീല്‍ ചെയ്തിട്ടുണ്ട്. സിആര്‍പിഎഫിന്റെയും സംസ്ഥാന പോലീസിന്റെയും സുരക്ഷയോടെ ആയിരുന്നു എല്ലാ സംസ്ഥാനങ്ങളിലും റെയ്ഡ് നടത്തിയത്. 2006 ല്‍ കേരളത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടന രൂപംകൊള്ളുന്നത്.

 

Back to top button
error: