സാംസണ്‍ ബില്‍ഡേഴ്‌സ് ഫ്ലാറ്റ് നിര്‍മ്മാണ വഞ്ചനാ കേസില്‍ നടി ധന്യ മേരി വര്‍ഗീസ് , ഭര്‍ത്താവ് ജോണ്‍, ഭര്‍തൃ സഹോദരന്‍ സാമുവല്‍ എന്നിവരടക്കം 4 പ്രതികള്‍ ഹാജരാകാന്‍ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
പ്രതികള്‍ വഞ്ചനയിലുടെ സ്വരൂപിച്ച പണം ജപ്തി ചെയ്തതിന്റെ റിപ്പോര്‍ട്ട് ഡിസംബര്‍ 21 ന് വിളിച്ചു വരുത്താനും മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകര്‍ ഉത്തരവിട്ടു.
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406 ( വിശ്വാസ ലംഘനം) , 420 (ചതിക്കല്‍ , കബളിപ്പിക്കപ്പെട്ടയാളെ വിശ്വാസ വഞ്ചന ചെയ്ത് പണം കൈക്കലാക്കല്‍) , 34 (പൊതു ഉദ്ദേശ്യ കാര്യ സാധ്യത്തിനായുള്ള കൂട്ടായ്മ) എന്നീ കുറ്റങ്ങള്‍ക്ക് കലണ്ടര്‍ കേസെടുത്താണ് പ്രതികളോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.
2016 ഡിസംബര്‍ 16 ന് നാഗര്‍കോവില്‍ നിന്നാണ് ധന്യയടക്കം 3 പ്രതികളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആദ്യം
ഭര്‍തൃപിതാവിനെ അറസ്റ്റ് ചെയ്തു. ഫ്ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് കോടി കണക്കിന് രൂപ പലരില്‍ നിന്നായി തട്ടിയെടുക്കുകയായിരുന്നു. കൂടാതെ 2014ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന പേരില്‍ ഫ്ലാറ്റ് നിര്‍മ്മിച്ച് പൂര്‍ത്തീകരിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2011 മുതല്‍ എണ്‍പതോളം പേരില്‍ നിന്നായി കോടി കണക്കിന് രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്.