CrimeNEWS

അഭിഭാഷകനെ മര്‍ദ്ദിച്ച കേസ്: പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍; കടുത്ത എതിര്‍പ്പുമായി പൊലീസ് സംഘടനകള്‍

കൊല്ലം: അഭിഭാഷകനെ മര്‍ദ്ദിച്ച കേസില്‍ നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കരുനാഗപ്പളളി എസ്എച്ച്ഒ, എസ് ഐ ഉള്‍പ്പെടെ നാല് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. മദ്യപിച്ച് കസ്റ്റഡിയിൽ എടുത്ത അഭിഭാഷകനെ മർദ്ദിച്ചു വെന്ന പരാതിയിലാണ് സസ്പെൻഷൻ. ഡിഐജിയുടെ അന്വേഷണ റിപോർട്ട് തള്ളിയാണ് സസ്പെൻഷൻ. അഭിഭാഷകനെ കസ്റ്റഡിയിലെടുക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന എസ്എച്ച്ഒ ഗോപകുമാറിനെയും സസ്പെൻസ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ തെറ്റു ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. നടപടിക്കെതിരെ പൊലീസിൽ ശക്തമായ എതിർപ്പുയര്‍ന്നു.

എസ്എച്ച്ഒ ഗോപകുമാർ, എസ്ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് ഫിലിപ്പോസ്, സീനിയര്‍ പൊലിസ് ഓഫീസർ അനൂപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സസ്പെൻറ് ചെയ്തത്. സസ്പെൻഷനെ ഡിജിപിയും എതിർത്തിരുന്നു. ഐപിഎസ് അസോസിയേഷനും നടപടിയെ എതിർത്തിരുന്നു.  കരുനാഗപ്പള്ളിയിൽ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ തർക്കത്തിൽ വഴിത്തിരിവായി ആശുപത്രി രേഖകൾ പുറത്തുവന്നിരുന്നു. വാഹനാപകടം ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അഭിഭാഷകൻ ജയകുമാർ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ടില്‍ പറയുന്നു.

മദ്യപിച്ചോ എന്ന് കണ്ടെത്താൻ പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോൾ, അവിടെയും അഭിഭാഷകൻ അക്രമ സ്വഭാവം കാണിച്ചെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകളും പുറത്തു വന്നു. ആശുപത്രിയിൽ വച്ച് അഡ്വ. ജയകുമാർ പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ചവിട്ടിയെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജയകുമാ‍റിനെ കരുനാഗപ്പള്ളി എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസ് മർദ്ദിച്ചുവെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം.

Back to top button
error: