CrimeNEWS

കൊട്ടടയ്ക്ക കച്ചവടത്തിന്റെ മറവില്‍ 80 കോടിയുടെ വെട്ടിപ്പ്; മലപ്പുറം സ്വദേശി കുടുങ്ങി

മലപ്പുറം: വ്യാജ രേഖകള്‍ സൃഷ്ടിച്ച് 80 കോടിയോളം രൂപയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28 വയസുകാരന്‍ രാഹുലിനെയാണ് തൃശ്ശൂര്‍ ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തത്. ഇല്ലാത്ത ചരക്കുകള്‍ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളടക്കം സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്.

കൊട്ടടയ്ക്കയുടെ വ്യാജ കച്ചവടത്തിന്റെ മറവിലാണ് രാഹുലും സംഘവും ഭീമമായ നികുതി വെട്ടിപ്പ് നടത്തിയത്. ഇതേ കേസില്‍ മലപ്പുറം സ്വദേശി ബനീഷിനെ കഴിഞ്ഞ ഡിസംബറില്‍ ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞ ബനീഷ് ജാമ്യത്തിലാണ്.

ബനീഷിനെ നികുതിവെട്ടിപ്പിന് സഹായിച്ച് ഇ-വേ ബില്ലുകളും വ്യാജരേഖകളും എടുത്ത് കൊടുത്തത് രാഹുലാണ്. വ്യാജ രജിസ്‌ട്രേഷനുകള്‍ എടുത്ത് കൊടുത്ത് നികുതി വെട്ടിപ്പിന്റെ ശൃംഖല സൃഷ്ടിക്കാനും രാഹുല്‍ പങ്കാളിയായി. കഴിഞ്ഞ ഡിസംബറിനുശേഷം രാഹുല്‍ ഒളിവിലായിരുന്നു. സമന്‍സ് കൊടുത്തിട്ടും ഹാജരാകാതിരുന്ന പ്രതിയെ തൃശ്ശൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സഹായത്തോടെ ജാമ്യമില്ലാ വാറന്‍ഡില്‍ കുരുക്കിയാണ് അറസ്റ്റ് ചെയ്തത്. രാഹുല്‍ ദുബായില്‍ ഏഴ് മാസത്തോളം ഒളിവില്‍ കഴിഞ്ഞതായാണ് വിവരം.

Back to top button
error: