KeralaNEWS

തെരുവ് നായ ശല്യം: ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് നാളെ

കൊച്ചി: സംസ്ഥാനത്തെ തെരുവുനായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് നാളെ നടക്കും. തെരുവ് നായ ശല്യം നിയന്ത്രിക്കാൻ സ്വീകരിക്കുന്ന പദ്ധതികളെന്തൊക്കെയെന്ന് നേരത്തെ ഹൈക്കോടതി സ‍ര്‍ക്കാരിനോട് ചോദിച്ചിരുന്നു. വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബ‌ഞ്ച് വിഷയം പരിഗണിക്കുക. തെരുവുനായക്കളുടെ ആക്രമണത്തിൽ നിന്ന് പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്ന് ‍ഡിവിഷൻ ബ‌ഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

പൊതുനിരത്തുകളിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളിൽ പാർപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഇന്ന് കോടതിയെ അറിയിക്കണം. നായ്ക്കളെ കൊന്ന് നിയമം കൈയ്യിലെടുക്കരുതെന്ന് ജനത്തെ ബോധവൽക്കരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തില്‍ ഇന്ന് അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഇരുചക്രവാഹന യാത്രക്കാരാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ അഞ്ച് പേരും. ഇടുക്കി തോപ്രാംകുടിയില്‍ വളര്‍ത്ത് നായയുടെ കടിയേറ്റ വീട്ടമ്മയും ഇന്ന് ചികിത്സ തേടി.

ഇടുക്കിയിലും കോഴിക്കോടുമാണ് ഇരു ചക്രവാഹനക്കാര്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. കോഴിക്കോട് മാവൂരില്‍ ഇന്ന് പുലര്‍ച്ചയോടെ ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്കാണ് സാരമായി പരിക്കേറ്റത്. മാവൂര്‍ കല്‍പ്പള്ളിയില്‍ ബൈക്കിന് കുറുകെ നായ ചാടി ചെറൂപ്പ് ചെട്ടിക്കടവ് സ്വദേശി ഷബീര്‍, അഭിലാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും കൈക്കും കാലിനുമാണ് പരിക്ക്.

കോഴിക്കോട്- ഉള്ളിയേരി സംസ്ഥാന പാതയിലാണ് തെരുവ് നായ ബൈക്കിന് കുറുകെ ചാടി മറ്റൊരു അപകടം ഉണ്ടായത്. അംജദ്, അമല്‍ മോഹന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ബാലുശേരി ബി.എഡ് കോളേജിലെ വിദ്യാര്‍ത്ഥികളാണിവര്‍. മൊടക്കല്ലൂരില്‍ രാവലെ പത്ത് മണിയോടെയാണ് സംഭവം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: