CrimeNEWS

ദളിത് സഹോദരിമാരുടെ കൊലപാതകം; നാലുപേര്‍ കസ്റ്റഡിയില്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലുപേര്‍ പോലീസ് കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് ലഖിംപൂര്‍ഖേരി പോലീസ് അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്കുശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദളിത് വിഭാഗത്തില്‍പ്പെട്ട പതിനഞ്ചും പതിനേഴും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്.

ഗ്രാമത്തിന് പുറത്തുള്ള കരിമ്പിന്‍ തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ധരിച്ചിരുന്ന ഷാളില്‍തന്നെ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്നശേഷം കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ആരോപിക്കുന്നു.

മൃതദേഹങ്ങളില്‍ പരുക്കുകളില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂ എന്നും ലഖ്നൗ റേഞ്ച് ഐജി ലക്ഷ്മി സിങ് പറഞ്ഞു. അതേസമയം, പോസ്റ്റുമോര്‍ട്ടം നടത്തിയത് തങ്ങളുടെ അറിവോടെയല്ലെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ ആരോപിച്ചു.

സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. അതിനിടെ, സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

 

Back to top button
error: