സിനിമ എന്ന മാധ്യമത്തെ തന്‍റേതായ പരീക്ഷണ വഴികളിലൂടെ മുന്നോട്ടുനയിച്ച വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ് (91) അന്തരിച്ചു. ലോക സിനിമയെ ആഴത്തില്‍ സ്വാധീനിച്ച ഫ്രഞ്ച് നവതരംഗ സിനിമയുടെ പതാകാ വാഹകരില്‍ ഒരാളായിരുന്നു. 1960 ല്‍ പുറത്തിറങ്ങിയ ബ്രെത്ത്‍ലെസ് മുതല്‍ 2018ല്‍ പുറത്തിറങ്ങിയ ദി ഇമേജ് ബുക്ക് വരെയുള്ള അദ്ദേഹത്തിന്‍റെ ഫിലിമോഗ്രഫി ഒരു ചലച്ചിത്ര വിദ്യാര്‍ഥിക്ക് ഒഴിവാക്കാനാവാത്തതാണ്. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ ലോകസിനിമയെ സ്നേഹിക്കുന്ന മലയാളികള്‍ക്കും പ്രിയങ്കരനായ സംവിധായകനായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ്കെയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഗൊദാര്‍ദിന് ആയിരുന്നു. നേരിട്ടെത്തിയില്ലെങ്കിലും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം ഡെലിഗേറ്റുകളോട് സംവദിച്ചിരുന്നു.
അന്‍പതുകളുടെ അവസാനം കയേ ദു സിനിമ എന്ന ഫ്രഞ്ച് ചലച്ചിത്ര മാസികയില്‍ ചലച്ചിത്ര നിരൂപണങ്ങള്‍ എഴുതിക്കൊണ്ടാണ് സിനിമയുമായുള്ള ബന്ധം ഗൊദാര്‍ദ് ആരംഭിക്കുന്നത്. അക്കാലത്തെ ഫ്രഞ്ച് സിനിമയിലും ഹോളിവുഡിലും മാധ്യമം എന്ന നിലയിലും ഉള്ളടക്കത്തിലും യാഥാസ്ഥിതികത്വം ദര്‍ശിച്ച ഗൊദാര്‍ദ് അതിന്‍റെ കടുത്ത വിമര്‍ശകനായിരുന്നു. ഫ്രാന്‍സ്വ ത്രൂഫോയടക്കം കയേ ദു സിനിമയിലെ സ്ഥിരം എഴുത്തുകാരില്‍ പലരും ഏറെ വൈകാതെ സിനിമാ സംവിധാനത്തിലേക്ക് എത്തി. സിനിമയെക്കുറിച്ച് എഴുത്തിലൂടെ താന്‍ വിനിമയം ചെയ്‍ത ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ആദ്യ ചിത്രമായ ബ്രെത്ത്‍ലെസിലൂടെത്തന്നെ ഗൊദാര്‍ദിന് കഴിഞ്ഞു.
കഥാപാത്രങ്ങള്‍ക്കിടയിലെ വൈകാരികതയിലൂന്നി പ്ലോട്ട് രൂപപ്പെടുത്തുകയും പുരോഗമിക്കുകയും ചെയ്യുന്ന പരമ്പരാഗത സിനിമാ സങ്കല്‍പങ്ങള്‍ക്ക് എതിരായിരുന്നു അദ്ദേഹം. അതിനാല്‍ത്തന്നെ ഗൊദാര്‍ദ് ചിത്രങ്ങളുടെ കാഴ്ച പ്രേക്ഷകര്‍ക്ക് അതുവരെ കാണാത്ത ഒന്നിന്‍റെ അനുഭവമായിരുന്നു. കേവല വൈകാരികതയിലൂടെ പ്രേക്ഷകനെ ചൂഷണം ചെയ്യുന്നതിന് പകരം ആഴത്തിലുള്ള രാഷ്ട്രീയ വായനകള്‍ തനിക്ക് മാത്രം സാധിക്കുന്ന ഒരു ചലച്ചിത്ര ഭാഷയിലാണ് അദ്ദേഹം യാഥാര്‍ഥ്യമാക്കിയത്. എ വുമണ്‍ ഈസ് എ വുമണ്‍, മസ്കുലൈന്‍ ഫെമിനൈന്‍, നമ്പര്‍ റ്റു, പാഷന്‍, ഫസ്റ്റ് നെയിം കാര്‍മെന്‍, ജെഎല്‍ജി/ ജെഎല്‍ജി: സെല്‍ഫ് പോര്‍ട്രെയ്റ്റ് ഇന്‍ ഡിസംബര്‍, ഫിലിം സോഷ്യലിസം തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.