KeralaNEWS

സൂപ്പര്‍താര ശാഠ്യങ്ങളെ വെല്ലുവിളിക്കുന്ന സംവിധായകന്റെ ഒറ്റയാള്‍ പോരാട്ടം, ‘പത്തൊന്‍പതാം നൂറ്റാണ്ടി’നെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി

‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന സംവിധായകന്‍ വിനയന്റെ പുതിയ ചിത്രത്തെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. താരസംഘടനകളോടും സൂപ്പര്‍താരങ്ങളോടും വിധേയത്വമില്ലാതെ സൂപ്പര്‍താര ശാഠ്യങ്ങളോട് പൊരുതി നില്‍ക്കുന്ന സംവിധായകന്റെ ഒറ്റയാള്‍ പോരാട്ടമെന്ന നിലയില്‍ ഈ ചിത്രം വന്‍വിജയമാണെന്ന് ശാരദക്കുട്ടി പറഞ്ഞു. ചരിത്രവും ഭാവനയും ഒരു പോപുലര്‍ സിനിമയ്ക്ക് വേണ്ട ചേരുവകളും പരമാവധി കല്ലുകടികളില്ലാതെ ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. വിനയന്‍ സിനിമകളെക്കുറിച്ചുള്ള മുന്‍വിധികളെ തീര്‍ച്ചയായും മറികടക്കുന്നതാണ് ചിത്രമെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

Signature-ad

“പത്തൊന്‍പതാം നൂറ്റാണ്ട് കണ്ടു. പലപ്പോഴായി ചാനലുകളില്‍ വിനയന്റെ സിനമകള്‍ എല്ലാം കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് വിനയന്റെ ഒരു സിനിമ തീയേറ്ററില്‍ പോയി കാണുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരെയും നങ്ങേലിയേയും പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന ചിത്രം എന്ന നിലയില്‍ ഈ സിനിമക്ക് തീര്‍ച്ചയായും പ്രാധാന്യമുണ്ട്. ചരിത്രവും ഭാവനയും ഒരു പോപുലര്‍ സിനിമക്കു വേണ്ട ചേരുവകളും പരമാവധി കല്ലുകടികളില്ലാതെ ഇണക്കിച്ചേര്‍ത്തിട്ടുമുണ്ട്.
വിനയന്‍ സിനിമകളെ കുറിച്ചുള്ള മുന്‍വിധികളെ തീര്‍ച്ചയായും മറികടക്കുന്നുണ്ട് ചിത്രം. നല്ല ഒരു തീയേറ്ററനുഭവമായിരുന്നു. ശബ്ദസംവിധാനവും ദൃശ്യ സംവിധാനവും മികച്ചു നിന്നു . തന്റെ കാഴ്കള്‍ക്ക് ഇണങ്ങാത്ത തരത്തിലുള്ള ബുദ്ധിജീവി നാട്യങ്ങള്‍ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നില്ല എന്നത് സത്യസന്ധമായ ഒരു സമീപനമായി തോന്നി. Pretentious ആയ ചരിത്രജ്ഞാനികളുടെ വീമ്പിളക്കലുകള്‍ oscial media യില്‍ കേട്ടു മടുത്തിരിക്കുമ്പോള്‍ പ്രത്യേകിച്ചും . മറ്റു വിനയന്‍ സിനിമകളിലേതു പോലെ അതിവൈകാരികതയും അമിത നാടകീയതകളുമില്ല.

സിജു വില്‍സണ്‍ മലയാള സിനിമയില്‍ തീര്‍ച്ചയായും ഇനിയും തിളങ്ങും. മിതത്വമുള്ള പ്രകടനം. ആത്മാര്‍ഥതയുള്ള, കഠിനാധ്വാനത്തിന് തയ്യാറുള്ള ഒരു അഭിനേതാവെന്ന് തോന്നിപ്പിക്കുവാന്‍ സിജുവിന് കഴിയുന്നുണ്ട്. ആ costume സിജുവിന്റെ ശരീരത്തില്‍ മനോഹരമായി ഇണങ്ങിച്ചേര്‍ന്നു നില്‍ക്കുന്നുണ്ട്. പല രംഗങ്ങളിലും പ്രേക്ഷകര്‍ സൂപ്പര്‍താരങ്ങളുടെ പ്രത്യക്ഷപ്പെടലില്‍ എന്നതു പോലെ ആവേശപൂര്‍വ്വം കയ്യടിക്കുന്നുണ്ടായിരുന്നു.
സിനിമയില്‍ മലയാളികളായ നടികളില്‍ ഒരാള്‍ പോലും ഇല്ല . താരസംഘടനകളോടും സൂപ്പര്‍താരങ്ങളോടും വിധേയത്വമില്ലാതെ സൂപ്പര്‍താര ശാഠ്യങ്ങളോട് പൊരുതി നില്‍ക്കുന്ന സംവിധായകന്റെ ഒറ്റയാള്‍ പോരാട്ടമെന്ന നിലയില്‍ ഈ ചിത്രം വന്‍വിജയം തന്നെയാണ്.
വിനയന്റെ ഒരഭിമുഖം കേട്ടതാണ് ഈ സിനിമ കാണാനുള്ള പ്രേരണ. ആരോടും വെല്ലുവിളിയില്ല, ആരോടും പരാതിയുമില്ല എന്ന പരിപാകം വന്ന വിനയനെ അതില്‍ കേട്ടു. സിനിമാസംവിധായകനെന്ന നിലയില്‍ ഒരു കളംമാറ്റലിന് തയ്യാറാകുന്നുവെന്ന സൂചനകള്‍ ആ അഭിമുഖത്തിലുണ്ടായിരുന്നു.

സംഭാഷണത്തില്‍ ചിലയിടത്തൊക്കെ , ഇവിടെ എം.ടി – ഹരിഹരന്‍ ടീം ആയിരുന്നെങ്കില്‍ എങ്ങനെ ഉണ്ടാകുമായിരുന്നു എന്ന് അനാവശ്യമായി താരതമ്യം ചെയ്തു പോയി. മികച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നിട്ടും പഞ്ച് ഡയലോഗുകള്‍ തീരെ ഇല്ല എന്നു തന്നെ പറയാം.
കൊട്ടാരത്തിലെ നൃത്തരംഗവും രാജ്ഞി, സാവിത്രിക്കുട്ടി മാരുടെ വേഷവിധാനവും ഡയലോഗുകളും ഒക്കെ നേരിയ തോതില്‍ ചെടിപ്പുണ്ടാക്കുന്നതായി അനുഭവപ്പെട്ടു. ഒരാവശ്യവുമില്ലാത്തിടത്ത് വള്ളുവനാടന്‍ ഭാഷ എന്തിനാണോ ആവോ ?

എന്തായാലും തീയേറ്ററുകള്‍ നിറയെ ആളുണ്ട്. വേലായുധപ്പണിക്കരെയും നങ്ങേലിയെയും ചിരുകണ്ടനെയും ആരവങ്ങളോടെ പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു…”

എസ്. ശാരദക്കുട്ടി

Back to top button
error: