വഡോദര: 89 വയസുകാരനായ തന്റെ ‘ഹൈപ്പര്‍സെക്ഷ്വല്‍’ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ 87 വയസുകാരി ‘അഭയം ഹെല്‍പ് ലൈനില്‍’ സഹായം തേടി!
ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കിടപ്പുരോഗിയായ 87 വയസുകാരിയെ ഭര്‍ത്താവ് നിരന്തരം ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുന്നതായും ഇതിന് വിസമ്മതിക്കുമ്പോള്‍ ഉപദ്രവിക്കുന്നുവെന്നുമായിരുന്നു പരാതി. ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വര്‍ഷങ്ങളോളം ദമ്പതിമാര്‍ തമ്മില്‍ ആരോഗ്യകരമായ ശാരീരികബന്ധം പുലര്‍ത്തിയിരുന്നു. അസുഖം ബാധിച്ചതോടെ കഴിഞ്ഞ ഒരുവര്‍ഷമായി പരാതിക്കാരി കിടപ്പിലാണ്. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനും നടക്കാനും മകന്റെയോ മരുമകളുടെയോ സഹായം വേണം. എന്നാല്‍, ഇതെല്ലാമറിഞ്ഞിട്ടും ഭര്‍ത്താവ് ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുന്നതായാണ് ഇവരുടെ പരാതി. ഇത് നിറവേറ്റാന്‍ കഴിയാതെ വരുന്നതോടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും ഇവര്‍ പറഞ്ഞിരുന്നു. ശാരീരികബന്ധം പുലര്‍ത്താന്‍ കഴിയാത്തതിന്റെ പേരില്‍ റിട്ട.എന്‍ജിനീയറായ ഭര്‍ത്താവിന്റെ ഉപദ്രവം തുടര്‍ന്നതോടെയാണ് ഭാര്യയും മകനും മരുമകളും അടക്കമുള്ളവര്‍ അഭയം ഹെല്‍പ് ലൈനില്‍ സഹായം തേടാന്‍ തീരുമാനിച്ചത്.
‘രണ്ടുദിവസം മുമ്പാണ് ഞങ്ങള്‍ക്ക് ആ ഫോണ്‍കോള്‍ വന്നത്. പിന്നാലെ ഞങ്ങള്‍ അവരുടെ വീട്ടിലെത്തി 89 വയസുകാരനെ കണ്ടു. താങ്കളുടെ ഈ സ്വഭാവം കാരണം ഭാര്യ ഏറെ പ്രയാസം അനുഭവിക്കുന്നതായി അദ്ദേഹത്തെ പറഞ്ഞ് ബോധ്യപ്പെടുത്തി. കൗണ്‍സിലിങ്ങും നല്‍കി’- അഭയം ഹെല്‍പ് ലൈനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
കൂടുതല്‍ കൗണ്‍സിലിങ്ങിനൊപ്പം യോഗ ചെയ്യാനും സീനിയര്‍ സിറ്റിസണ്‍ ക്ലബില്‍ ചേരാനും 89 വയസുകാരനോട് അഭയം അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ ഒരു സെക്സോളജിസ്റ്റിനെ കണ്ട് ചികിത്സ തേടാനും കുടുംബത്തിന് നിര്‍ദേശം നല്‍കിയതായും ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.