ഗ്യാന്‍വാപി കേസ്: ഹിന്ദു വിശ്വാസികളുടെ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി
ലഖ്നൗ: കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി.
1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഹര്‍ജി വരില്ലെന്ന് ജില്ലാ ജഡ്ജി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് കേസിലെ എതിര്‍കക്ഷികളായ മസ്ജിദ് കമ്മിറ്റിയുടെ വാദം വാരാണസി കോടതി തള്ളി.
അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയെ ചോദ്യം ചെയ്തുകൊണ്ട് അഞ്ജുമാന്‍ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ ജില്ലാ ജഡ്ജി എ.കെ.വിശ്വേശയാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയത്. കേസിന്റെ അടുത്തവാദം ഈ മാസം 22ന് നടക്കും.
കേസില്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം കഴിഞ്ഞ മാസം 24-നാണ് വിധി പറയാനായി മാറ്റിവെച്ചത്. വാരാണാസി ജില്ലാ കോടതിയിലേക്ക് കേസ് സുപ്രീംകോടതിയാണ് മാറ്റിയത്.
ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ വീഡിയോ സര്‍വേ നടത്താന്‍ ഏപ്രില്‍ മാസം വാരാണസി കോടതി ഉത്തരവിട്ടിരുന്നു. പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള നിര്‍മിതി കണ്ടെത്തിയെന്നാണ് ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍, മസ്ജിദ് കമ്മിറ്റി ഹര്‍ജിക്കാരുടെ അവകാശവാദങ്ങള്‍ നിരസിക്കുകയും കണ്ടെത്തിയത് ഒരു ജലധാരയാണെന്നും ശിവലിംഗമല്ലെന്നും വാദിക്കുകയായിരുന്നു. സ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.