തിരുവനന്തപുരം: നിയമസഭയിലെ ഇരിപ്പിട വിന്യാസത്തില്‍ കെ.രാധാകൃഷ്ണന്‍ രണ്ടാമന്‍. മുഖ്യമന്ത്രിയുടെ അടുത്തായാണ് ഇനി മുതല്‍ കെ രാധാകൃഷ്ണന്‍ ഇരിക്കുന്നത്. മന്ത്രിയായ എം.ബി രാജേഷ് മുന്‍ നിരയിലേക്ക് വന്നു. നേരത്തെ മുന്‍നിരയില്‍ സ്ഥാനമുണ്ടായിരുന്ന എം.വി ഗോവിന്ദന്‍ ട്രഷറി ബഞ്ചിലെ രണ്ടാം നിരയിലെ സീറ്റില്‍ ആണ് ഇപ്പോൾ ഇരിക്കുന്നത്. അസുഖബാധിതനായ കോടിയേരി ബാലകൃഷ്ണന് പകരം സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസഭയില്‍ വരുത്തിയ പുനഃസംഘടനയോടെയാണ് ഇരിപ്പിടങ്ങളിൽ പുനർവിന്യാസം വരുത്തിയത്.
സ്പീക്കറായിരുന്ന എം.ബി രാജേഷിനെ മന്ത്രിയായും തലശേരിയിലെ നിയമസഭാ അംഗം എ.എന്‍ ഷംസീറിനെ സ്പീക്കറായും തെരഞ്ഞെടുത്തിരുന്നു. ഇതനുസരിച്ചുള്ള ക്രമീകരണ പ്രകാരമാണ് നിയമസഭയിലെ ഇരിപ്പിട വിന്യാസത്തില്‍ മാറ്റം വരുത്തിയത്. എം. വി ഗോവിന്ദന്‍ കഴിഞ്ഞാല്‍ നിയമസഭയിലെ സിപിഎം അംഗങ്ങളില്‍ മുതിര്‍ന്നയാള്‍ കേന്ദ്രകമ്മിറ്റി അംഗമായ കെ രാധാകൃഷ്ണനാണ്. പി രാജീവ്, കെ എന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.