CrimeNEWS

സംസ്ഥാനത്ത് മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുന്നു, കണ്ണൂരിൽ കഴിഞ്ഞ രണ്ടു ദിവസമായി പിടിച്ചെടുത്തത് 25 കിലോയിലധികം കഞ്ചാവ്; കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടാന്‍ പ്രതികളുടെ ശ്രമം

   മേപ്പാടിയിൽ നിന്ന് ഇന്നലെയും വളപട്ടണം ഭാഗത്ത് നിന്ന് തലേന്നുമായി 25 കിലോയിലധികം കഞ്ചാവാണ് പൊലീസ്, എക്‌സൈസ് വിഭാഗം പിടികൂടിയത്. സ്ഥിരം കഞ്ചാവു വിൽപ്പനക്കാരനായ മേപ്പാടി വിത്തുകാട് പിച്ചംകുന്നശ്ശേരി വീട്ടിൽ നാസിക് (26), സഹായി കോട്ടത്തറ വയൽപാറായിൽ വീട്ടിൽ മണി (25) എന്നിവരെയാണ് മേപ്പാടി പോലീസ് ഇന്നലെ അറസ്റ്റുചെയ്തത്. പരിശോധനയ്ക്കിടെ പ്രതി നാസിക് പോലീസുകാരെ ആക്രമിച്ച്‌ രക്ഷപ്പെടാനും ശ്രമിച്ചു.

യോദ്ധാവ്-ആന്റി നർകോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ആന്ധ്രയിലെ പാടേരൂർ എന്ന സ്ഥലത്തുനിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി തീവണ്ടിയിലും ഓട്ടോറിക്ഷയിലും അതിർത്തി കടത്തി ജില്ലയിലെത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയാണ് നാസിക്കിന്റെ പതിവെന്ന് പോലീസ് പറഞ്ഞു.

Signature-ad

ചേരമ്പാടി അതിർത്തി കടത്തിയശേഷം അവിടെനിന്ന് ബൈക്കിലാണ് സുഹൃത്തായ മണിയുടെ വീട്ടിൽ കഞ്ചാവെത്തിക്കുന്നത്. ഇവിടെവെച്ച് ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയാണ് പ്രതികളുടെ പദ്ധതി.

നാസിക്കിനെ അറസ്റ്റുചെയ്ത് ദേഹപരിശോധന നടത്തുന്നതിനിടെ പോലീസ് സംഘത്തിൽ ഉണ്ടായിരുന്ന വൈത്തിരി പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ. വിപിന്റെ കണ്ണിൽ, പ്രതി കുരുമുളക് സ്‌പ്രേ അടിക്കുകയും വലത് കൈത്തണ്ടയിൽ കടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. മൽപ്പിടിത്തത്തിലൂടെയാണ് പ്രതിയെ കീഴ്‍പ്പെടുത്തിയത്. പോലീസിനെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നാസിക്കിന്റെപേരിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർചെയ്തിട്ടുണ്ട്. കഞ്ചാവുമായി പിടികൂടിയതിന് നാസിക്കിന്റെപേരിൽ അമ്പലവയൽ, കല്പറ്റ പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.

മേപ്പാടി സി.ഐ. എ.ബി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി.

എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ വളപട്ടണം ഭാഗത്ത് നടത്തിയ പരിശോധനയിൽ മാണിയൂർ പള്ളിയത്ത് ഹിബ മൻസിൽ കെ.കെ.മൻസൂറിനെ15 കിലോ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തു. കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് മൻസൂറെന്ന് എക്‌സൈസ് പറഞ്ഞു.
ഒരാഴ്ചയായി ഇയാളെ എക്‌സൈസ് സംഘംനിരീക്ഷിച്ചു വരികയായിരുന്നു.

കണ്ണൂർ കേന്ദ്രീകരിച്ചു ബ്രൗൺ ഷുഗറും മറ്റു ലഹരിമരുന്നുകളും വിതരണം ചെയ്യുന്ന കണ്ണൂർ സിറ്റി സ്വദേശികളായ ഫർഹാൻ, മഷ്ഹൂക്ക് എന്നിവരെ 10.1745 ഗ്രാം ബ്രൗൺഷുഗർ സഹിതം കഴിഞ്ഞ ദിവസംഅറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു.

Back to top button
error: