പന്തളം: മദ്യപാനം തടയാന്‍ ചികിത്സ നടത്താനുള്ള വീട്ടുകാരുടെ ശ്രമം തിരിച്ചറിഞ്ഞതോടെ പ്രകോപിതനായ യുവാവ് തെങ്ങിന്റെ മുകളില്‍ കയറി മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി വൈകിയും ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും യുവാവ് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ശ്രമം തുടര്‍ന്നു. ഇന്നലെ ഉച്ചയോടെയാണു സംഭവങ്ങള്‍ക്ക് തുടക്കം. കടയ്ക്കാട് വടക്ക് സ്വദേശിയായ യുവാവിനെയാണു ചികിത്സയ്ക്കു കൊണ്ടു പോകാനായി വീട്ടുകാര്‍ തീരുമാനിച്ചത്. വീട്ടിലേക്ക് ആംബുലന്‍സ് എത്തിയതോടെ യുവാവ് പരിഭ്രാന്തനായി. വീട്ടില്‍ നിന്നിറങ്ങി ഓടി തൊട്ടടുത്ത പുരയിടത്തിലെ തെങ്ങില്‍ കയറുകയായിരുന്നു.
കുടുംബാംഗങ്ങളും നാട്ടുകാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. തുടര്‍ന്ന് പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു. അടൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും യുവാവുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. മണിക്കൂറുകളോളം ശ്രമം തുടര്‍ന്നെങ്കിലും യുവാവ് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഭാര്യ വീട്ടുകാരെത്തിയാല്‍ ഇറങ്ങാമെന്നു യുവാവ് അറിയിച്ചു. അധികം വൈകാതെ ഇവരെത്തിയെങ്കിലും പിന്നീട് യുവാവ് നിലപാട് മാറ്റി.
സ്ഥലത്തെത്തിയ ആളുകളെല്ലാം ഒഴിഞ്ഞു പോയാല്‍ ഇറങ്ങാമെന്നായി പുതിയ ഡിമാന്റ്. അഗ്‌നിരക്ഷാസേന ആളുകളെ ഒഴിപ്പിച്ചെങ്കിലും അതും വിഫലമായി. വൈകിട്ട് അഞ്ചോടെ മഴ പെയ്‌തെങ്കിലും യുവാവ് ഇറങ്ങാന്‍ തയാറായില്ല. വിവരമറിയിച്ചതനുസരിച്ചു പത്തനംതിട്ടയില്‍ നിന്നുള്ള അഗ്‌നിരക്ഷാസംഘവുമെത്തി. തെങ്ങിനു ചുറ്റും വല കെട്ടി. തെങ്ങിലേക്ക് ഗോവണി സ്ഥാപിച്ചു ഇറക്കാനായി പിന്നീട് ഉദ്യോഗസ്ഥരുടെ ശ്രമം. അനുനയിപ്പിച്ചും ശാസിച്ചും ശ്രമം തുടര്‍ന്നെങ്കിലും യുവാവ് കൂട്ടാക്കിയില്ല.
രാത്രി 9.30 ആയപ്പോള്‍ യന്ത്രം ഉപയോഗിച്ചു മറ്റൊരാള്‍ തെങ്ങില്‍ കയറി അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും യുവാവ് ഭീഷണിപ്പെടുത്തിയതോടെ ഈ ശ്രമവും ഉപേക്ഷിച്ചു. അഗ്‌നിരക്ഷാസേനയും നാട്ടുകാരും സ്ഥലത്ത് തുടരുന്നുണ്ട്. യുവാവിനു മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഒരു വര്‍ഷം മുന്‍പു നരിയാപുരത്ത് സമാനമായ രീതിയില്‍ ഇയാള്‍ തെങ്ങില്‍ കയറി പരിഭ്രാന്ത്രി സൃഷ്ടിച്ചിട്ടുണ്ടെന്നും അടൂര്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കെ.സി.റജികുമാര്‍ പറഞ്ഞു. അടൂര്‍, പത്തനംതിട്ട യൂണിറ്റുകളില്‍ നിന്നായി 20-ഓളം സേനാംഗങ്ങളാണ് സ്ഥലത്തെത്തിയത്.