KeralaNEWS

നാലുപതിറ്റാണ്ടിനുശേഷം സഹപാഠികള്‍ ഒത്തുകൂടി, പി.ടി ഉഷ എം.പിയെ ആദരിച്ചു

ഒത്തുകൂടലിന് പ്രത്യേകതകൾ ഏറെയുണ്ടായിരുന്നു.42 വർഷങ്ങൾക്കു ശേഷമുള്ള സമാഗമം. കേരളത്തിൽ ആദ്യമായി പെൺകുട്ടികൾക്കുള്ള സ്പോർട്സ് സ്കൂൾ ആരംഭിച്ച വർഷത്തെ ബാച്ചിലെ വിദ്യാർഥിനികളായിരുന്നു എല്ലാവരും. സ്കൂളിലും പരിശീലനത്തിലും ഹോസ്റ്റൽ മുറിയിലും ഒന്നിച്ച് ജീവിച്ചവർ. കൂട്ടത്തിൽ ഒരാൾ ലോകമറിയുന്ന കായികതാരമായി, ഇന്ത്യയുടെ അഭിമാനമായി മാറിയതാണ് മറ്റൊരു പ്രത്യേകത. പി.ടി ഉഷ എന്ന ആ കായികതാരം ഇന്ന് ഇന്ത്യൻ രാജ്യസഭാ എം.പിയായി മാറിയത് മറ്റൊരു സന്തോഷം. പി.ടി ഉഷയ്ക്ക് സ്നേഹാദരവും സമ്മാനവും നൽകുവാനും ഓർമകളിലേക്ക് തിരിച്ചുപോകുന്നതിനുമായി അവർ ആ ദിവസം മാറ്റിവെച്ചു.

കേരളത്തിൽ ആദ്യമായി പെൺകുട്ടികൾക്കുള്ള സ്പോർട്സ് സ്കൂൾ ആരംഭിച്ചത് 1976-ലാണ്. കണ്ണൂർ ഡിവിഷനിലാണ് ഉഷയും കൂട്ടുകാരും പഠിച്ചത്. 42 പേരുടെ കൂട്ടത്തിലെ മുപ്പതോളം പേർ കൂട്ടായ്മയുടെ ഭാഗമാവാനായി കോഴിക്കോടെത്തി. മുംബൈ, ചെന്നൈ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുമെത്തിയ കൂട്ടുകാർക്ക് പങ്കിടാൻ വർഷങ്ങളുടെ വിശേഷങ്ങളുണ്ടായിരുന്നു. റെയിൽവേയിൽ ജോലി ചെയ്യുന്ന ലതാംഗി ചെന്നൈയിൽനിന്നും സെലിൻ മുംബൈയിൽനിന്നുമാണ് എത്തിയത്. മറ്റുള്ളവർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുളളവരായിരുന്നു.

Signature-ad

”ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമായതിന്. ഇതിൽ ചിലരെ 42 വർഷത്തിനുശേഷമാണ് ഞാൻ കാണുന്നത്. ഓർമ്മയിൽ അന്നത്തെ ഗ്രൗണ്ടും പരിശീലനവും ഹോസ്റ്റൽ ജീവിതവുമെല്ലാം ഓടിയെത്തുന്നു. ഒട്ടേറെ ബുദ്ധിമുട്ടുകൾക്കും പ്രശ്നങ്ങൾക്കും ഇടയിലൂടെയാണ് നാം കടന്നുപോയത്.”
ഉഷ സന്തോഷം പങ്കുവെച്ചു.

എല്ലാവരും പഴയ കാലത്തേക്ക് തിരിച്ചുപോയി. ഒന്നിച്ച് കേക്ക് മുറിച്ചും ഭക്ഷണം കഴിച്ചുമാണ് സംഘാംഗങ്ങൾ പിരിഞ്ഞത്. സ്പോർട്സ് പഠന കാലത്തെ ഓർമകൾ ഒരുപാടുണ്ടായിരുന്നു അവർക്ക് പങ്കുവെക്കാൻ. പരിശീലനകാലത്തെ തമാശകളും അന്നത്തെ ശിക്ഷകളും ഹോസ്റ്റലിലെ കളിചിരികളും ബുദ്ധിമുട്ടുകളുമെല്ലാം ഇവരുടെ സംഭാഷണ വിഷയങ്ങളായി. ഇത്രകാലമായിട്ടും ഇത്ര ഉയരത്തിലെത്തിയിട്ടും ഉഷയുമായുള്ള സൗഹൃദത്തിന് ഒരു തരിപോലും മാറ്റം വന്നിട്ടില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇത്രയും പേരിൽ ഉഷയുടെ കഠിനാധ്വാനം വേറിട്ടുനിന്നിരുന്നു. അതുതന്നെയായിരുന്നു ഉഷയുടെ വിജയത്തിനു പിന്നിലെ രഹസ്യവും. എല്ലാവരും തിരിച്ച് പോയപ്പോഴും പരിശീലനം തുടർന്ന ഉഷ എല്ലാ കൂട്ടുകാരുടെയും ഓർമ്മകളിലുണ്ട്.

ഭക്ഷണം കഴിച്ചശേഷം ആദ്യ പരിശീലകനായിരുന്ന കോച്ച് ഒ.എം. നമ്പ്യാരുടെ മണിയൂരിലെ വീട് സംഘം സന്ദർശിച്ചു. 2021-ലാണ് ഒ.എം നമ്പ്യാർ അന്തരിച്ചത്. ഉഷയുടെ സുവർണകാലത്തെ വിജയങ്ങളിൽ വലിയ പങ്കുവഹിച്ച പരിശീലകനായിരുന്നല്ലോ അദ്ദേഹം.

Back to top button
error: