
തിരുവനന്തപുരം: പ്രതിഷേധ സൂചകമായി ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ ശുചീകരണ തൊഴിലാളികളെ തള്ളി സിപിഎം. ഓണസദ്യ മാലിന്യകൂമ്പാരത്തില്‍ തള്ളിയത് അവിവേകമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു. പരാതിയുണ്ടെങ്കില്‍ മേയറെ അറിയിക്കുകയായിരുന്നു വേണ്ടത്. പ്രശ്നങ്ങള്‍ മേയര്‍ തന്നെ തീര്‍ക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. എന്നാല്‍ ശുചീകരണ തൊഴിലാളികള്‍ക്കെതിരായ തിരുവനന്തപുരം നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടി പിന്‍വലിക്കണമെന്ന് സിഐടിയുവും ഐഎന്‍ടിയുസിയും ആവശ്യപ്പെട്ടു.
ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീര്‍ന്നിട്ടും പണി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. ദൃശ്യങ്ങള്‍ വൈറലായതോടെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏഴ് സ്ഥിരം തൊഴിലാളികളെ മേയര്‍ ആര്യാ രാജേന്ദ്രന് സസ്പെന്‍ഡ് ചെയ്തു. നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു.
ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമര്‍ശിച്ച് മേയര്‍ ഫേസ് ബുക്ക് പോസ്റ്റിട്ടു. നടപടി നേരിട്ട തൊഴിലാളികളില്‍ ഭൂരിഭാഗവും സിഐടിയുക്കാരാണ്. തൊഴിലാളികളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. ഡ്യൂട്ടി കഴിഞ്ഞ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതിനിടെ അറവു മാലിന്യങ്ങള്‍ പെറുക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതി. അതിന് ശേഷം എങ്ങനെ സദ്യ കഴിക്കുമെന്നാണ് ഇവരുടെ ചോദ്യം. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു മേയര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഐഎന്‍ടിയുസിയും ഉന്നയിക്കുന്നത് സമാന ആവശ്യമാണ്.
മേയറുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ അടിച്ചമര്‍ത്തി എന്നാണ് വിമര്‍ശനം. വിവാദം ശക്തമായതടെ സിപിഎം ജില്ലാ കമ്മിറ്റി ഒത്ത് തീര്‍പ്പിന് ശ്രമം തുടങ്ങിയിട്ടുണ്ട്. കോഴിക്കോടുള്ള മേയര്‍ അടുത്ത ദിവസം തിരിച്ചെത്തും. സിപിഎം നേതൃത്വവും മേയറുമായി സംസാരിക്കുമെന്നാണ് വിവരം. തൊഴിലാളികളെ തിരിച്ചെടുത്ത് പ്രശ്ന പരിഹാരം വേഗത്തിലാക്കാനാണ് നീക്കം.






