NEWSWorld

തോല്‍വിയില്‍ മനംനൊന്ത് പാകിസ്ഥാന്‍ ആരാധകരെ വളഞ്ഞിട്ട് തല്ലി അഫ്ഗാനികള്‍

ഷാര്‍ജ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ സ്റ്റേഡിയത്തില്‍ അഫ്ഗാന്‍ ആരാധകരുടെ അതിക്രമം. സ്റ്റേഡിയത്തിലെ കസേരകളും മറ്റും തകര്‍ത്ത അഫ്ഗാന്‍ ആരാധകര്‍, പാക് ആരാധകര്‍ക്ക് നേരേ കസേരകള്‍ വലിച്ചെറിയുകയും കസേര കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇരുവിഭാഗം ആരാധകര്‍ തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.

കഴിഞ്ഞദിവസം നടന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാനോട് ഒരുവിക്കറ്റിന് പരാജയപ്പെട്ടിരുന്നു. അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തില്‍ നാലു പന്ത് ശേഷിക്കെയായിരുന്നു പാകിസ്ഥാന്റെ വിജയം. ഹൃദയം തകര്‍ത്ത ഈ തോല്‍വിക്കു പിന്നാലെ അഫ്ഗാന്‍ ആരാധകര്‍ പാക്ക് ആരാധകര്‍ക്കു നേരെ കസേരകള്‍ ഉള്‍പ്പെടെ വലിച്ചെറിയുകയായിരുന്നു. മത്സരശേഷം സ്റ്റേഡിയത്തിനു പുറത്തെത്തിയപ്പോഴും പാക്ക്-അഫ്ഗാന്‍ ആരാധകര്‍ തമ്മിലടി തുടര്‍ന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Signature-ad

ഇരു ടീമുകളും കടുത്ത പോരാട്ടവീര്യം പ്രകടിപ്പിച്ച മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്നിങ്‌സിലെ 19 ാം ഓവര്‍ വരെ എല്ലാം ഏറെക്കുറെ ശാന്തമായിരുന്നു. എന്നാല്‍, 19 ാം ഓവറില്‍ അഫ്ഗാന്‍ ബോളര്‍ ഫരീദ് അഹമ്മദിനെതിരേ സിക്‌സര്‍ നേടിയ പാക്ക് താരം ആസിഫ് അലി, തൊട്ടടുത്ത പന്തില്‍ പുറത്തായതോടെയാണ് താളപ്പിഴകള്‍ ആരംഭിച്ചത്. പുറത്തായതിന്റെ കലിപ്പില്‍ ആസിഫും, പുറത്താക്കിയതിന്റെ ആവേശത്തില്‍ ഫരീദ് അഹമ്മദും കയ്യാങ്കളിയിലേക്കു നീങ്ങി. അമ്പയറും സഹതാരങ്ങളും ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.

ഇതിന്റെ തുടര്‍ച്ചയായാണ് കളത്തിനു പുറത്ത് ഇരു ടീമുകളുടെയും ആരാധകരും ഏറ്റുമുട്ടിയത്.

 

Back to top button
error: