തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുന്നു. വിഴിഞ്ഞം ചവറ എന്നിവിടങ്ങളിൽ നിന്ന് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് പുലിമുട്ടിലെ കല്ലുകൾ നീക്കി പരിശോധിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇന്ന് അദാനി പോർട്ടിൽ നിന്നും വലിയ ക്രെയിനെത്തിച്ചും തെരച്ചിൽ ആരംഭിച്ചു. മുതലപ്പൊഴിയിൽ അപകടം നടന്ന് ഇന്നേയ്ക്ക് നാല് ദിവസമായി.
നേവിയും, കോസ്റ്റ്ഗാർഡും, തീരദേശ പൊലീസും, മറൈൻ എൻഫോഴ്സ്മെന്‍റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും എല്ലാം ചേർന്ന് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. മൂന്ന് ചെറുപ്പാക്കരെയോർത്ത് നൊമ്പരപ്പെട്ടിരിക്കുകയാണ് തിരുവോണ നാളിലും പെരുമാതുറ.
ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന ഭാഗത്ത് പുലിമുട്ടിലെ കല്ലും വലയുടെ അവശിഷ്ടങ്ങളും വടവും മാറ്റിനോക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിനായി വിഴിഞ്ഞം അദാനി പോർട്ടിൽ നിന്നും ചവറ കെഎംഎംഎല്ലിൽ നിന്നും കൂറ്റൻ ക്രെയിനുകൾ എത്തിച്ചു. ഈ ക്രെയിനുകൾക്ക് പുലിമുട്ടിലേക്ക് കടന്നുവരാൻ വഴിയൊരുക്കാൻ മരങ്ങൾ വരെ പിഴുതുമാറ്റിയാണ് രക്ഷാപ്രവർത്തനം നീങ്ങുന്നത്.
എന്നാൽ ഇത്ര ദിവസം കഴിഞ്ഞും ഒരാളെ പോലും കണ്ടെത്താൻ സാധിക്കാത്തത് നാട്ടുകാരേയും നിരാശരാക്കുന്നു. ക്രെയിനുകൾക്ക് പകരം കപ്പൽ എത്തിച്ച് കല്ലുകൾ മാറ്റണമെന്നും ആവശ്യം ഉയരുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സഫാ മർവ എന്ന ബോട്ട് മറിഞ്ഞ് 23 പേര്‍ അപകടത്തിൽപെട്ടത്. രണ്ട് പേർ പേര് മരിച്ചു. ബോട്ട് ഉടമ കാഹാറിന്റെ മക്കളായ ഉസ്മാൻ, മുസ്തഫ, തൊഴിലാളിയായ അബ്ദുൾ സമദ് എന്നിവരെയാണ് ഇനിയും കണ്ടെത്താനാകാത്തത്.