പണ്ടു കാലത്ത് ജൻമിക്ക് പാട്ടക്കുടിയാൻമാർ കാഴ്ചക്കുല സമർപ്പിച്ചതിന്റെ ഓർമ്മകളുണർത്തുന്ന ചടങ്ങാണ് ഉത്രാട കാഴ്ചക്കുല സമർപ്പണം.
ഒട്ടേറെ ഭൂസ്വത്തുണ്ടായിരുന്ന ഗുരുവായൂർ ദേവസ്വത്തിൽ പഴയകാലം മുതലുള്ളതാണ് ഉത്രാട കാഴ്ചക്കുല സമർപ്പണം. മുൻകാലങ്ങളിൽ ദേവസ്വം ഭൂമി പാട്ടത്തിനെടുത്ത് നടത്തിയിരുന്നവരാണ് കാഴ്ചക്കുല എത്തിച്ചിരുന്നത്. പാട്ടക്കുലകൾ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. ദേവസ്വം പാട്ടഭൂമികൾ ഇല്ലാതായതോടെ ആ നിലയ്ക്കുള്ള കാഴ്ചക്കുലകളുടെ വരവുകൾ നിലച്ചു. തുടർന്നാണ് ഭക്തർ കാഴ്ചക്കുലകൾ സമർപ്പിക്കാൻ തുടങ്ങിയത്.
ലഭിക്കുന്ന കാഴ്ചക്കുലകളിൽ ഒരുഭാഗം ദേവസ്വത്തിലെ ആനകൾക്ക് നൽകും. ഒരുഭാഗം തിരുവോണത്തിന് ക്ഷേത്രത്തിൽ പഴപ്രഥമൻ തയ്യാറാക്കാനും ഉപയോഗിക്കും. ബാക്കി വരുന്ന പഴക്കുലകൾ ലേലം ചെയ്ത് ഭക്തർക്ക് തന്നെ വിതരണം ചെയ്യും.