CrimeNEWS

ജയില്‍ വാര്‍ഡന്‍ ചമഞ്ഞ് 13 ലക്ഷത്തിന്റെ തട്ടിപ്പ്; മുങ്ങിയ ആലപ്പുഴ സ്വദേശി പിടിയില്‍

അമ്പലപ്പുഴ: ജയില്‍ വാര്‍ഡന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. ആര്യാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് ശങ്കരശേരി വെളിവീട്ടില്‍ ബൈജു ഹാറൂണിനെയാണ് (52) പുന്നപ്ര പോലീസ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. 2020ല്‍ നടത്തിയ തട്ടിപ്പിലാണ് അറസ്റ്റ്.

ജയിലിലെ പരിപാടിക്ക് എന്നു പറഞ്ഞ് വൊളന്റിയര്‍മാര്‍ക്കുള്ള 7,500 ബാഡ്ജുകള്‍ നിര്‍മിക്കാന്‍ ഓര്‍ഡര്‍ നല്‍കിയാണ് പുന്നപ്രയിലെ എസ്.എ. ഗാര്‍മെന്റ്‌സ് ആന്‍ഡ് സ്റ്റിച്ചിങ് എന്ന സ്ഥാപനത്തിന്റെ ഉടമയായ വനിതയെ കബളിപ്പിച്ചത്. 13 ലക്ഷത്തിലേറെ രൂപയുടെ ഓര്‍ഡറാണ് ഇയാള്‍ നല്‍കിയത്.

Signature-ad

ജയില്‍ വകുപ്പും പിന്നാലെ പോലീസും നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. പൂജപ്പുര ജയിലിലെ വാര്‍ഡനാണെന്നു പറഞ്ഞാണ് ബാഡ്ജുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. ഇയാള്‍ മുന്‍പ് കൊട്ടാരക്കര ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നു പോലീസ് കണ്ടെത്തി. ചിത്രകാരനായ പ്രതിക്ക് ജയിലിലെ ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി സമ്മാനം നല്‍കുന്ന ചിത്രം കാട്ടിയാണ് സ്ഥാപന ഉടമയുടെ വിശ്വാസം നേടിയത്. ബാഡ്ജുകള്‍ ജയിലിലേക്കു കൊടുത്തെന്നും പണം ട്രഷറി വഴി ലഭിക്കുമെന്നും വനിതയോടു പറഞ്ഞു.

പണം കിട്ടാത്തതിനെത്തുടര്‍ന്ന് ഇവര്‍ പൂജപ്പുര ജയില്‍ അധികൃതര്‍ക്കു പരാതി നല്‍കി. ഇങ്ങനെയൊരു ജയില്‍ ഉദ്യോഗസ്ഥന്‍ ഇല്ലെന്ന് അധികൃതരുടെ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് സ്ത്രീ ഡി.ജി.പിക്കു പരാതി നല്‍കുകയായിരുന്നു. അന്വേഷണം തുടങ്ങിയതോടെ പ്രതി മുങ്ങി. കഴിഞ്ഞ ദിവസം, പ്രതി ആര്യാട്ടെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം കിട്ടിയ പോലീസ് എത്തി പിടികൂടുകയായിരുന്നു.

Back to top button
error: