ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം ഹര്‍ഭജന്‍ സിങ് ഇസ്ലാംമതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് പാകിസ്ഥാന്‍ മുന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്. ‘പാകിസ്ഥാന്‍ അണ്‍ടോള്‍ഡ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇന്‍സമാമിന്റെ വെളിപ്പെടുത്തല്‍.
പാക് മതപണ്ഡിതനായ താരിഖ് ജമീലില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ഭാജി മതംമാറ്റത്തിനുള്ള ആഗ്രഹം പങ്കുവച്ചതെന്ന്് ഇന്‍സമാം പറയുന്നു.
ഇന്ത്യന്‍ ടീമിന്റെ പാക് പര്യടനത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ പാക് താരങ്ങള്‍ നമസ്‌കരിക്കുന്ന സ്ഥലത്തേക്ക് സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, മുഹമ്മദ് കൈഫ് അടക്കമുള്ള താരങ്ങള്‍ എത്താറുണ്ടായിരുന്നു.
പിന്നീട് സഹീറിനും പത്താനുമൊപ്പം മറ്റു നാല് ഇന്ത്യന്‍ താരങ്ങളും നമസ്‌കാര ഹാളിലെത്തിയിരുന്നു. ഇക്കൂട്ടത്തിലാണ് ഹര്‍ഭജനും ഉണ്ടായിരുന്നത്. നമസ്‌കാരം അടക്കമുള്ള ആരാധനാ കര്‍മങ്ങള്‍ വീക്ഷിക്കാനായിരുന്നു ഇവര്‍ എത്തിയിരുന്നത്. ഈ സമയത്ത് താരിഖ് ജമീലും താരങ്ങള്‍ക്കൊപ്പം നമസ്‌കാരത്തില്‍ പങ്കെടുക്കാനെത്താറുണ്ടായിരുന്നു. നമസ്‌കാരശേഷം അദ്ദേഹത്തിന്റെ ഉപദേശവുമുണ്ടാകും. ഇത്തരത്തില്‍ ജമീലിന്റെ വാക്കുകള്‍ കേട്ടും പെരുമാറ്റം കണ്ടും ആകൃഷ്ടനായാണ് ഇസ്ലാം സ്വീകരിക്കാനുള്ള ആഗ്രഹം ഹര്‍ഭജന്‍ പ്രകടിപ്പിച്ചതെന്നും ഇന്‍സമാം വ്യക്തമാക്കി.
എന്നാല്‍, തന്റെ കോലം കണ്ടിട്ടാണ് മതംമാറാത്തതെന്നും താരം വ്യക്തമാക്കിയെന്നും മുന്‍ പാക് നായകന്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിങ്ങളുടെ പ്രവര്‍ത്തനം കണ്ടാണ് മറ്റുള്ളവര്‍ മതത്തില്‍നിന്ന് അകലുന്നതെന്ന് വിശദീകരിക്കാനായിരുന്നു ഇന്‍സമാം ഈ അനുഭവം പങ്കുവച്ചത്.
അതേസമയം, വെളിപ്പെടുത്തലിനെ കുറിച്ച് ഹര്‍ഭജന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ആം ആദ്മി പാര്‍ട്ടി അംഗത്വമെടുത്ത ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം നിലവില്‍ രാജ്യസഭാംഗമാണ്. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഇന്‍സമാമിന്റെ വീഡിയോ പ്രചരിക്കുകയാണ്.