KeralaNEWS

ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍; 103 കോടി നല്‍കണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്ത് ഡിവിഷന്‍ ബെഞ്ച്: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണം കറുക്കുമോ?

തിരുവനന്തപുരം: എല്ലാവരെയുംപോലെ ഓണം ആഘോഷിക്കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും അവസരം നല്‍കണമെന്നും അവരെ പട്ടിണിക്കിടാന്‍ ആകില്ലെന്നും നിരീക്ഷിച്ച് ശമ്പളവിഷയത്തില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സ്‌റ്റേചെയ്ത് ഡിവിഷന്‍ ബെഞ്ച്. ഓണത്തിനു മുമ്പ് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് 103 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.

ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ 103 കോടി രൂപ സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് നല്‍കണമെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസി സര്‍ക്കാരിന്റെ മറ്റ് കോര്‍പറേഷനുകളെപ്പോലെ ഒരു കോര്‍പറേഷന്‍ മാത്രമാണ്. അതിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് അപ്പീലില്‍ സര്‍ക്കാര്‍ വാദിച്ചു.

റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍സ് നിയമപ്രകാരം സ്ഥാപിതമായതാണ് കെഎസ്ആര്‍ടിസി. മറ്റ് ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന മാത്രമേ നല്‍കാനാകൂ. ധനസഹായമടക്കമുള്ള കാര്യങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്നും അപ്പീലില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.

സര്‍ക്കാര്‍ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോര്‍പറേഷന്റെ വിശദീകരണം. സഹായത്തിനായി സര്‍ക്കാരുമായി പലതവണ ചര്‍ച്ച നടത്തി. എന്നാല്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സഹായം അനുവദിക്കാന്‍ നേരത്തെ കോടതി ഉത്തരവിട്ടത്.

എന്നാല്‍ ബാധ്യതയില്ലെന്നു കാട്ടി സര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെ ഓണം ജീവനക്കാര്‍ക്ക് കണ്ണീര്‍കയ്പു നിറഞ്ഞതായി മാറിയിരിക്കുകയാണ്. ശമ്പളവിഷയത്തില്‍ അടിയന്തരമായി എന്തെങ്കിലും നടപടിയുണ്ടായില്ലെങ്കില്‍ നാട് ഓണം ആഘോഷിക്കുമ്പോള്‍ കാഴ്ചക്കാരായി, ശമ്പളം കിട്ടാതെ പണിയെടുക്കാനുള്ള നെട്ടോട്ടത്തിലാകും ജീവനക്കാര്‍.

Back to top button
error: