CrimeNEWS

സ്‌കൂള്‍ ഗ്രൗണ്ടില്‍ ഷോ ഇറക്കിയ ‘ആഡംബരക്കാര്‍’ കുടുങ്ങി; ‘വിദേശി’യുടെ വിശ്രമം ഇപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍

കാസര്‍ഗോഡ്: സ്‌കൂള്‍ മൈതാനത്ത് അതിക്രമിച്ചുകയറി അപകടകരമാം വിധം ഡ്രൈവിങ് നടത്തയെന്ന പരാതിയില്‍ ആഡംബരക്കാര്‍ കസ്റ്റഡിയിലെടുത്ത് പോലീസ്. കാസര്‍ഗോഡ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് കാറുമായി യുവാക്കള്‍ അതിക്രമിച്ചുകയറി ഷോ നടത്തിയത്. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഒരു കോടിയിലധികം വിലവരുന്ന വിദേശ നിര്‍മിത ആഡംബരക്കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഷാര്‍ജ രജിസ്ട്രേഷന്‍ നമ്പറുള്ള കാറിലെത്തിയ യുവാക്കള്‍, മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഗ്രൗണ്ടിലെത്തി റെയിസിങ് നടത്തുകയും ഹോണടിച്ച് ബഹളമുണ്ടാക്കുകയുമായിരുന്നു. തുടര്‍ന്ന് അതിക്രമിച്ച് കയറിയതിന് പ്രിന്‍സിപ്പല്‍ എം.ജെ.ടോമി പരാതി നല്‍കിയത്. സ്‌കൂള്‍വളപ്പില്‍ അനധികൃതമായി വാഹനമോടിച്ച് കയറ്റിയതിനും ശബ്ദമലിനീകരണം ഉണ്ടാക്കുംവിധം ഹോണടിച്ച് പഠനാന്തരീക്ഷം തകര്‍ത്തതിനും അപകടകരമായി വാഹനമോടിച്ചതിനുമാണ് പോലീസ് കേസെടുത്തത്.

ഒരുകോടിയിലേറെ വിലയുള്ള വിദേശവാഹനത്തിന്റെ രജിസ്ട്രേഷന്‍, ഇന്ത്യയില്‍ ഓടിക്കാനുള്ള പെര്‍മിറ്റ് എന്നിവ പരിശോധിക്കുന്നതിന് കാസര്‍ഗോഡ് മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് അപേക്ഷ നല്‍കി. സ്‌കൂള്‍പരിസരങ്ങളില്‍ വാഹനപരിശോധന കര്‍ശനമായി തുടരുമെന്നും കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കാനായി അനാവശ്യമായി കറങ്ങുന്നതും ശബ്ദമലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഇന്‍സ്പെക്ടര്‍ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്.ഐ. ശശിധരന്‍ പിള്ള, സിവില്‍ പോലീസുദ്യോഗസ്ഥരായ കെ.വി.ശ്രീജിത്ത്, പി.എം.പ്രദീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.

 

Back to top button
error: