മലയാളത്തിൻ്റെ അതിരുകടന്ന് അന്യഭാഷകളിൽ തിളങ്ങിയ താരമാണ് അമല പോൾ. തൻ്റെ മുൻ കാമുകനും ഗായകനുമായ ഭവ്നിന്ദർ സിംങിനെതിരെ പരാതിയുമായി അമല രംഗത്ത് വന്നിരിക്കുന്നു. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ വിവാഹിതരായെന്ന വ്യാജേന ഭവ്നിന്ദർ പ്രചരിപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. പണം തട്ടിയെടുത്തു. ഇതൊക്കെയാണ് പരാതി. എന്തായാലും പരാതിയുടെ അടിസ്ഥാനത്തിൽ ഭവ്നിന്ദർ സിംങ് ഇപ്പോൾ അറസ്റ്റിലായി.
അമല ചെന്നൈ ഹൈക്കോടതിയിൽ ഇയാൾക്കെതിരെ 2020ൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ വിവാഹിതരായെന്ന വ്യാജേന ഭവ്നിന്ദർ പ്രചരിപ്പിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നൊക്കെയായിരുന്നു പരാതി. 2020 മാർച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം ഭവ്നിന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ഇതോടെ ചിത്രങ്ങൾ ഫോട്ടോഷൂട്ട് ആയിരുന്നു എന്ന് അമല വിശദീകരിച്ചു. തൊട്ടുപിന്നാലെ ഭവ്നിന്ദര്‍ ചിത്രങ്ങൾ നീക്കം ചെയ്തു.
അമലയും ഭവ്നിന്ദറും ചേർന്ന് 2018-ൽ ഒരു പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ചു. ഈ നിർമാണ കമ്പനിയുടെ ബാനറിലാണ് നടി തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കഡാവർ’ നിർമിച്ചത്. എന്നാൽ കുറച്ചുകാലങ്ങൾക്കു ശേഷം ഇവർ പിരിഞ്ഞു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഫണ്ടുകളും മറ്റും ഭവ്നിന്ദർ ദുരുപയോഗം ചെയ്തെന്നും അത് തന്നെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കിയെന്നും അമല പരാതിയിൽ പറയുന്നു.
2014ൽ സംവിധായകൻ എഎൽ വിജയ്‌യെ വിവാഹം കഴിച്ച അമല 2017ൽ വിവാഹമോചിത ആയി. ഇതിനു ശേഷമാണ് ഭവ്നിന്ദറുമായി പ്രണയത്തിലാവുന്നത്. അമല പോളിനെ വ്യാജരേഖ ചമച്ച് കമ്പനിയുടെ ഡയറക്‌ടർ സ്ഥാനത്തുനിന്നും നീക്കി ഭവ്നിന്ദർ വഞ്ചിച്ചതായി പോലീസ് പറഞ്ഞു.
നടി നൽകിയ പരാതിയെ തുടർന്ന് വില്ലുപുരം പോലീസ് വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് മുൻകാമുകനായ ഭവ്നിന്ദർ സിംങിനെ അറസ്റ്റ് ചെയ്തത്.