ദില്ലി: ഭാവിയില്‍ ദുര്‍വ്യാഖ്യാനത്തിനും വളച്ചൊടിക്കലിനും ഇടയാക്കാവുന്ന നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി.
ആധാര്‍ കാര്‍ഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തിയശേഷം മാത്രം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കില്ലെന്ന കോടതിയുടെ പരാമര്‍ശമാണ് പ്രതികള്‍ വളച്ചൊടിച്ച് ഉപയോഗിക്കാന്‍ സാധ്യത തുറന്നിട്ടത്. പ്രായപൂര്‍ത്തിയായില്ലെന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
പരാതിക്കാരിയുടെ വിവിധ സര്‍ട്ടിഫിക്കറ്റുകളില്‍ വിവിധ ജനനത്തീയതികളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നു കോടതി കണ്ടെത്തി. പ്രായത്തെ സംബന്ധിച്ച് തര്‍ക്കമുണ്ടെന്നും കോടതി പറഞ്ഞു. ആധാര്‍ കാര്‍ഡില്‍ ജനനത്തീയതി 1998 എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത ആളുമായാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് കരുതാന്‍ സാധിക്കില്ല. ഹണി ട്രാപ് പോലുള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജസ്മീത് സിങ് ആണ് പ്രതിക്ക് ജാമ്യം നല്‍കിയത്.
ഉഭയസമ്മതത്തോടെ ഒരു വ്യക്തിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടും മുമ്പ് ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ കാണുകയോ പങ്കാളിയുടെ ജനനത്തീയതി അവളുടെ സ്‌കൂള്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയോ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. നിര്‍ദിഷ്ട കേസിലെ പ്രത്യേകസാഹചര്യം കണക്കിലെടുത്താകാം കോടതിയുടെ പരാമര്‍ശങ്ങളെങ്കിലും കുട്ടികള്‍ക്കെതിരായ പീഡനക്കേസുകളെ പൊതുവില്‍ ബാധിക്കും വിധമുള്ള നിരീക്ഷണങ്ങളാണ് ഉണ്ടായിരിക്കുന്നത്.
പ്രഥമദൃഷ്ട്യാ ഇത് ഹണി ട്രാപ്പിംഗ് കേസാണെന്ന് സംശയിക്കുന്നതായും പരാതി നല്‍കാനെടുത്ത അസാധാരണമായ കാലതാമസത്തിന് തൃപ്തികരമായ കാരണമൊന്നും നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസില്‍ കൈക്കൂലി സാധ്യതയും കോടതി ഉന്നയിച്ചു. തുടര്‍ന്നാണ് പ്രതിയെ 20,000 രൂപയുടെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചത്. രാജ്യം വിടരുതെന്നും പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും കേസുമായി ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തരുതെന്നും പ്രതിയോട് കോടതി നിര്‍ദേശിച്ചു.