KeralaNEWS

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി

 

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേര്‍പ്പെടുത്തിയവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകളുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 20 വരെ നീട്ടിയതായി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ശരിയായ ജനലുകള്‍/വാതിലുകള്‍/മേല്‍ക്കൂര/ഫ്‌ളോറിംങ്/ ഫിനിഷിംങ്/ പ്ലബിംങ്/ സാനിട്ടേഷന്‍/ ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്.

ഒരു വീടിന്റെ അറ്റകുറ്റ പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ /പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന നല്‍കും. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാകുക, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്കും മുന്‍ഗണന നല്‍കും. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന പുനരുദ്ധാരണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2022-23 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. വീട് റിപ്പയര്‍ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീര്‍ണം 1200സ്‌ക്വയര്‍ ഫീറ്റില്‍ കുറവാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനും , വില്ലേജ് ആഫീസര്‍ / തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയര്‍ / ബന്ധപ്പെട്ട അധികാരികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും. മറ്റുവകുപ്പുകളില്‍ നിന്നോ, സമാന ഏജന്‍സികളില്‍ നിന്നോ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍/ പഞ്ചായത്ത് സെക്രട്ടറി എന്നിവരില്‍ ആരുടെയെങ്കിലും പക്കല്‍ നിന്നുള്ളത് മതിയാകും.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്‌സെറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ അതാത് ജില്ലാ കളക്ടറേറ്റുകളില്‍ സെപ്തംബര്‍ 20 വൈകിട്ട് 5 വരെ സ്വീകരിക്കും.

Back to top button
error: