IndiaNEWS

ജയലളിതയുടെ മരണം സംബന്ധിച്ച് നിറയെ ആശയക്കുഴപ്പങ്ങൾ, ശശികല ഉൾപ്പെടെ നാല് പേരുടെ പങ്ക് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

മുൻ തമിഴ്നാട്മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് നിറയെ ആശയക്കുഴപ്പങ്ങളാണ് നിലനിൽക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷൻ റിപ്പോർട്ടും ഇക്കാര്യങ്ങൾ ഊന്നിപ്പറയുന്നു.

പോയസ് ഗാർഡനിൽ നിന്ന് അർദ്ധബോധാവസ്ഥയിൽ ജയലളിതയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത് 2016 സെപ്തംബർ 22നാണ്. 75 ദിവസം അവർ ആശുപത്രിയിൽ ചെലവഴിച്ചു. 2016 ഡിസംബർ അഞ്ചിനാണ് ജയലളിതയുടെ മരണവാർത്ത ആശുപത്രി വൃത്തങ്ങൾ പുറത്തുവിട്ടത്. പനിയും നിർജലീകരണവുമായിരുന്നു കാരണം എന്നാണ് ആശുപത്രി വൃത്തങ്ങൾ ആദ്യം പുറത്തുവിട്ട വിവരം.

എന്നാൽ മുഖ്യമന്ത്രി ജയലളിത 74 ദിവസം ആശുപത്രിയിൽ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് വിശദീകരണമൊന്നും ഉണ്ടായിട്ടില്ല. സംശയാസ്പദമായ നടപടികളാണ് അപ്പോളോ ആശുപത്രിയുടെ ഭാഗത്ത് നിന്ന് തുടക്കം മുതൽ ഉണ്ടായത്. സ്ഥിരീകരിക്കാത്ത നിരവധി റിപ്പോർട്ടുകളാണ് ആശുപത്രിയിൽ നിന്ന് പുറത്തുവന്നത്. ജയലളിത സുഖം പ്രാപിക്കുന്നു എന്ന വാർത്തയുടെ പിറ്റേന്ന് തന്നെ അവർ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന റിപ്പോർട്ടുകളും വന്നു. പിന്നീട് സ്പീക്കറിലൂടെ സംസാരിച്ചു തുടങ്ങി എന്നറിയിച്ചു.

ഇത്തരം അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജയ ചില രാഷ്ട്രീയ നേതാക്കളുമായി ചർച്ച നടത്തിയെന്നും സുപ്രധാന തീരുമാനങ്ങൾ എടുത്തെന്നും വാർത്തകൾ പരന്നു. ജയലളിത സുഖം പ്രാപിച്ചു വരികയാണെന്നും എപ്പോൾ വേണമെങ്കിലും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാമെന്നും അപ്പോളോ ചെയർമാൻ ഡോ.പ്രതാപ് സി റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് പെട്ടെന്ന് ഹൃദ്രോഗം ഉണ്ടായെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും അറിയിച്ചു. തുടർന്ന് ഡിസംബർ അഞ്ചിന് രാത്രി 11.30നാണ് മരണം സംഭവിച്ചതായി അറിയിപ്പ് വന്നത്.

മരണ സമയത്തെക്കുറിച്ചും പല സന്ദേഹങ്ങൾ നിലനിൽക്കുന്നു. വളരെ നേരത്തെ മരിച്ചതാകാമെന്നാണ് സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. പ്രമേഹരോഗിയായ ജയലളിതയ്ക്ക് തെറ്റായ മരുന്ന് നൽകി ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നാണ് അപ്പോളോയിലെ വെളിപ്പെടുത്തൽ. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ്, ചെന്നൈയിൽ ഒരു പൊതു പരിപാടിയിൽ ജയ പങ്കെടുക്കുകയും വളരെ സന്തോഷവതിയായി കാണപ്പെടുകയും ചെയ്തു. പിന്നെങ്ങനെ ഇത്ര പെട്ടെന്ന് അവര്‍ അതീവ ഗുരുതരാവസ്ഥയിലായി എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

ജയലളിതയുടെ മരണവും 75 ദിവസത്തെ ആശുപത്രി വാസത്തിനിടെ അവർക്ക് ലഭിച്ച ചികിത്സയും സംബന്ധിച്ച് അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷൻ റിപ്പോർട്ട് അഞ്ച് വർഷത്തിന് ശേഷം ഇപ്പോഴാണ് സമർപ്പിച്ചത്. അതിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സ്റ്റാലിൻ അന്വേഷണത്തിന് ഉത്തരവിട്ടത്.

മുൻ ആരോഗ്യമന്ത്രി വിജയഭാസ്കർ, ജയലളിതയുടെ തോഴി ശശികല, ഡോ. ശിവകുമാർ, മുൻ ചീഫ് സെക്രട്ടറി രാമമോഹൻ റാവു എന്നിവർക്കെതിരെയാണ് അന്വേഷണം. മന്ത്രിസഭാ യോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തീരുമാനം പ്രഖ്യാപിച്ചത്.

Back to top button
error: