ന്യൂഡല്‍ഹി: ഒക്‌ടോബര്‍ 17-ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനം. പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരെന്ന് 19 ന് അറിയാം. ഞായറാഴ്ച ഓണ്‍െലെനായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗമാണു തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനമെടുത്തത്. ആരാകും അടുത്ത കോണ്‍ഗ്രസ് പ്രസിഡന്റ് എന്നതില്‍ തീരുമാനമായില്ലെങ്കിലും എന്ന് പ്രസിഡന്റിനെ അറിയാം എന്ന ചോദ്യത്തിന് ഒരു ഉത്തരമായതിന്റെ ആശ്വാസത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.
ഏറ്റെടുക്കാന്‍ പ്രമുഖ നേതാക്കള്‍ തയാറാകാതിരുന്ന അധ്യക്ഷസ്ഥാനത്തേക്ക് ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന. രാജസ്ഥാന്‍ മുഖ്യമന്ത്രികൂടിയായ മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടിനെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്നാണു െഹെക്കമാന്‍ഡിന്റെ താല്‍പ്പര്യം. എന്നാല്‍ രാഹുല്‍ അധ്യക്ഷനാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒരു വിഭാഗം നേതാക്കള്‍.
2019-ലെ പൊതുതെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ രാഹുല്‍ ഒഴിഞ്ഞ പാര്‍ട്ടി അധ്യക്ഷസ്ഥാനം താല്‍ക്കാലികമായാണ് ഏറ്റെടുത്തതെങ്കിലും മൂന്നുവര്‍ഷമായി സോണിയ തന്നെ തുടരുകയാണ്. അനാരോഗ്യം വലയ്ക്കുന്ന സോണിയയ്ക്കും പാര്‍ട്ടിക്കും ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ആരൊക്കെയാകും മത്സരിക്കാന്‍ രംഗത്തിറങ്ങുക എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം അടുത്തമാസം 22-ന് പുറത്തിറക്കാനാണ് തീരുമാനം. 24 മുതല്‍ 30 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ എട്ട് ആണ്. തെരഞ്ഞെടുപ്പ് ആവശ്യമെങ്കില്‍ ഒക്‌ടോബര്‍ 17 നു നടത്താനാണ് യോഗ തീരുമാനം.
സോണിയയുടെ ചികിത്സാര്‍ഥം വിദേശത്തായതിനാല്‍ അധ്യക്ഷ സോണിയാ ഗാന്ധി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണു പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുത്തത്. ഡല്‍ഹിയിലെ ഓഫീസില്‍ പ്രവര്‍ത്തകസമിതിയംഗങ്ങള്‍ ഒത്തുകൂടി യോഗത്തില്‍ പങ്കാളികളായി.
സെപ്റ്റംബര്‍ നാലിന് ഡല്‍ഹിയില്‍ നടക്കുന്ന വിലക്കയറ്റത്തിനെതിരായ ”മഹംഗായി പര്‍ ഹല്ലാ ബോല്‍” റാലിയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയും വിജയിപ്പിക്കാനുള്ള പദ്ധതികള്‍ക്കും യോഗം രൂപം നല്‍കി.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി, ഉമ്മന്‍ ചാണ്ടി, മീരാകുമാര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ ജയ്‌റാം രമേഷ്, മുകുള്‍ വാസ്‌നിക്, പി. ചിദംബരം, അംബികാ സോണി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, കെ.സി. വേണുഗോപാല്‍, രാജീവ് ശുക്ല എന്നിവരും ജി-23 വിമത ഗ്രൂപ്പിന്റെ ഭാഗമായ ആനന്ദ് ശര്‍മയും പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുത്തു.